തിരുവനന്തപുരം: ഓണക്കാലത്തും കൃത്യസമയത്തിന് തുറക്കാതെ സപ്ലൈകോ. തിരുവനന്തപുരം നെടുമങ്ങാട് സപ്ലൈകോ ബസാറാണ് രാവിലെ പത്ത് മണിയായിട്ടും തുറക്കാതിരുന്നത്. ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍ സ്വന്തം മണ്ഡലത്തിലെ സപ്ലൈകോയില്‍ എത്തുമ്പോള്‍ ഇരുപതോളം പേര് സാധനങ്ങള്‍ വാങ്ങിക്കാന്‍ വേണ്ടി കാത്തു നില്‍പ്പുണ്ടായിരുന്നു.
നെടുമങ്ങാട് ഓണാഘോഷവുമായി ബന്ധപ്പെട്ട് വവിധ വകുപ്പുകളുടെ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് മന്ത്രി എത്തിയത്. യോഗം നടക്കുന്ന ഹാളിന്റെ താഴെ ആയിട്ടായിരുന്നു സപ്ലൈകോയുടെ ഔട്ട്ലറ്റ് ഉണ്ടായിരുന്നത്. 9.55 ഓടെയാണ് മന്ത്രി സ്ഥലത്തെത്തുന്നത്.
ഈ സമയത്ത് ഇരുപതോളം പേര് സപ്ലൈകോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കാന്‍ വേണ്ടി കാത്തിരിപ്പുണ്ടായിരുന്നു. തുടര്‍ന്ന് പത്ത് മണി കഴിഞ്ഞിട്ടും സപ്ലൈകോ തുറക്കാതായതോടെയാണ് മന്ത്രി ബന്ധപ്പെട്ടവരെ ഫോണില്‍ വിളിച്ച് സപ്ലൈകോ തുറന്നത്.
അതേസമയം, സപ്ലൈകോ ഓണം ഫെസ്റ്റിന്റെ ഭാഗമായുള്ള ഓണം ഫെയറിന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്. അനില്‍ അധ്യക്ഷത വഹിക്കും. റീബ്രാന്‍ഡ് ചെയ്ത ശബരി ഉല്പന്നങ്ങളും പുതിയ ശബരി ഉല്പന്നങ്ങളും മന്ത്രി വി. ശിവന്‍കുട്ടി പരിചയപ്പെടുത്തും. ആദ്യ വില്പന മന്ത്രി ആന്റണി രാജു നിര്‍വഹിക്കും.
ഓണം ഫെയറിലും സപ്ലൈകോ വില്പന ശാലകളിലും സബ്സിഡി സാധനങ്ങള്‍ നല്‍കുന്നതിന് പുറമെ, 28 വരെ നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫര്‍ ഉണ്ടാകുമെന്ന് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ജില്ല ഫെയറുകളില്‍ ശബരി വെളിച്ചെണ്ണ രണ്ട് ലിറ്ററിന് ഒരു ലിറ്റര്‍ സൗജന്യം, ശബരി ആട്ട രണ്ടുകിലോ വാങ്ങുമ്പോള്‍ ഒരു കിലോ സൗജന്യം എന്നീ ഓഫറുകള്‍ക്ക് പുറമെ തെരഞ്ഞെടുത്ത ശബരി ഉല്പന്നങ്ങള്ക്ക് 25 ശതമാനം വരെ വിലക്കുറവുമുണ്ടാകും.
തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ 19നാണ് ഫെയര്‍ ആരംഭിക്കുക. വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓണത്തിന് 500, 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ നല്‍കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇരുപതോ അതിലധികമോ വൗച്ചറുകള്‍ ഒരുമിച്ച് എടുക്കുന്ന സ്വകാര്യ കമ്പനികള്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ഓരോ 20 വൗച്ചറിനും ഒരു വൗച്ചര്‍ സൗജന്യമായി നല്‍കും.
ഈ വൗച്ചറുകള്‍ ഉപയോഗിച്ച് സപ്ലൈകോ വില്‍പനശാലകളില്‍നിന്നോ ഓണം ഫെയറുകളില്നിന്നോ ഇഷ്ടാനുസരണമുള്ള സബ്സിഡി ഇതര സാധനങ്ങള്‍ വാങ്ങാം. വിവിധ ജില്ലകളിലെ ഫെയറുകള്‍ രാത്രി ഒമ്പതുവരെയാണ് പ്രവര്‍ത്തിക്കുക. എറണാകുളത്ത് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലാണ് ജില്ല ഫെയര്‍.