KeralaNEWS

കോളേജ് ഗ്രൗണ്ടില്‍ വിദ്യാര്‍ഥിയുടെ കാര്‍ അഭ്യാസം; അധ്യാപകരുടെ പരാതിയില്‍ ലൈസന്‍സ് തെറിച്ചു

ഇടുക്കി: തൊടുപുഴയിലെ സ്വകാര്യ കോളേജ് ഗ്രൗണ്ടില്‍ ആഡംബര കാര്‍ വട്ടത്തില്‍ കറക്കി വിദ്യാര്‍ഥിയുടെ അഭ്യാസ പ്രകടനം. കോളേജ് അധികൃതരുടെ പരാതിയില്‍ വിദ്യാര്‍ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡുചെയ്ത് മോട്ടോര്‍വാഹന വകുപ്പ്.

അതേ കോളേജില്‍തന്നെ പഠിക്കുന്ന തൊടുപുഴ സ്വദേശിയായ യുവാവിന്റെ ലൈസന്‍സാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. പി.എ.നസീര്‍ സസ്‌പെന്‍ഡുചെയ്തത്. വാഹനം കസ്റ്റഡിയിലെടുത്ത് 2000 രൂപ പിഴയീടാക്കുകയും ചെയ്തു.

Signature-ad

വിദ്യാര്‍ഥി അഭ്യാസപ്രകടനം നടത്തുന്നതിന്റെ സി.സി. ടി.വി.ദൃശ്യം കോളേജ് അധികൃതര്‍ മോട്ടോര്‍വാഹന വകുപ്പിന് കൈമാറിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ എം.വി.ഐ. ഭരത് ചന്ദ്രന്‍ കോളേജിലെത്തി അന്വേഷണം നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ.യ്ക്ക് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഓണക്കാലത്ത് ആഘോഷങ്ങളും മറ്റും ഉള്ളതിനാല്‍ രക്ഷാകര്‍ത്താക്കളും കോളേജ് അധികൃതരും വിദ്യാര്‍ഥികള്‍ വാഹനം ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നിര്‍ദേശിച്ചു.

സമാനരീതിയിലുള്ള അഭ്യാസപ്രകടനങ്ങള്‍, നിയമലംഘനങ്ങള്‍, അനധികൃത രൂപമാറ്റങ്ങള്‍, നമ്പര്‍പ്ലേറ്റില്‍ കൃത്രിമം കാണിക്കല്‍, നമ്പര്‍ പ്ലേറ്റ് വ്യക്തമായ രീതിയില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. പറഞ്ഞു.

Back to top button
error: