ആസ്ത്മ രോഗത്തെ കുറിച്ച് എല്ലാവര്ക്കും കുറഞ്ഞ അവബോധമെങ്കിലും കാണും. അടിസ്ഥാനപരമായി ആസ്ത്മ ഒരു ശ്വാസകോശ രോഗമാണ്. അതുകൊണ്ട് തന്നെ ശ്വാസകോശവുമായി ബന്ധപ്പെട്ട പ്രയാസങ്ങളാണ് ആസ്ത്മ രോഗികളില്‍ കാണുക. ശ്വാസതടസം, കിതപ്പ്, നെഞ്ചില്‍ മുറുക്കം- അസ്വസ്ഥത, ചുമ എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് അധികവും ആസ്ത്മ രോഗികളില്‍ കാണാറ്.
ആസ്ത്മ- കാലാവസ്ഥയെയും ജീവിതരീതിയെയുമെല്ലാം അനുസരിച്ച് തീവ്രത ഏറിയും കുറഞ്ഞും രോഗികളെ വലയ്ക്കാറുണ്ട്. ഇക്കൂട്ടത്തില്‍ ചില കാര്യങ്ങള്‍ പ്രത്യേകമായി ശ്രദ്ധിച്ചില്ലെങ്കില്‍ ഇവയും ആസ്ത്മ- സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഇരട്ടിപ്പിക്കും. ഇത്തരത്തില്‍ ആസ്ത്മ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്
പൂച്ചെടികളില്‍ നിന്നും മരങ്ങളില്‍ നിന്നുമെല്ലാം പുറത്തുവരുന്ന പൂമ്പൊടി ആസ്ത്മ രോഗികളില്‍ പ്രയാസങ്ങള്‍ വര്‍ധിപ്പിക്കും. അതിനാല്‍ ഇക്കാര്യം ശ്രദ്ധിക്കണം.
രണ്ട്…
പൊടിപടലങ്ങളുള്ള പ്രതലങ്ങളില്‍ കാണപ്പെടുന്ന ചെറിയ ചാഴികളും ആസ്ത്മ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാക്കും. അതിനാല്‍ കഴിവതും വീട്ടിനകത്തും മറ്റും പൊടി അടിഞ്ഞുകിടക്കുന്ന അവസ്ഥ ഒഴിവാക്കണം.
മൂന്ന്…
വളര്‍ത്തുമൃഗങ്ങളുടെ രോമവും ആസ്ത്മ രോഗികള്‍ക്ക് പ്രയാസം സൃഷ്ടിക്കും. പ്രത്യേകിച്ച് വളര്ത്തുപൂച്ചകളുടേതും വളര്ത്തുനായ്ക്കളുടേതും. ഇക്കാര്യവും ശ്രദ്ധിക്കണം.
നാല്…
പൂപ്പലും ആസ്ത്മ രോഗികള്‍ക്ക് പ്രശ്നമാണ്. വെള്ളം കെട്ടിനിന്നോ, നനവ് ഏറെ ഇരുന്നോ ആണ് പൂപ്പലുണ്ടാവുക. ഇതും ആസ്ത്മ രോഗികളുള്ള പരിസരങ്ങളില്‍ ശ്രദ്ധിക്കേണ്ടതാണ്.
അഞ്ച്…
ചില വീടുകളില്‍ പാറ്റ ശല്യം പതിവായിരിക്കും. പൊതുവില്‍ പാറ്റകളെ കൊണ്ട് കാര്യമായ ഭീഷണിയൊന്നും ആരോഗ്യത്തിന് ഉണ്ടാകാറില്ല. എന്നാല്‍ ആസ്ത്മ രോഗികള്‍ക്ക് പാറ്റ ഭീഷണി തന്നെയാണ്. പാറ്റയുടെ ഉമിനീര്, കാഷ്ടം എന്നിവയാണ് ആസ്ത്മ സംബന്ധമായ പ്രയാസങ്ങള്‍ വര്‍ധിപ്പിക്കുന്നത്. അതിനാല്‍ ആസ്ത്മയുള്ളവര് പാറ്റശല്യം ഒഴിവാക്കാനുള്ള മുന്നൊരുക്കങ്ങള്‍ ചെയ്യണം.
ആറ്…
ചില ഭക്ഷണങ്ങളും ആസ്ത്മയുടെ അനുബന്ധ പ്രശ്നങ്ങള്‍ കൂട്ടും. കപ്പലണ്ടി, ട്രീ നട്ട്സ്, ഷെല്‍ഫിഷ്, മുട്ട എന്നിവയെല്ലാം ഇതിനുദാഹരണമാണ്. ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്യുന്നത് എപ്പോഴും നല്ലതാണ്.
ഏഴ്…
ചില സെന്റുകള്‍, സ്പ്രേ എന്നിവയും ആസ്ത്മ രോഗികളില്‍ പ്രയാസം ഇരട്ടിപ്പിക്കാറുണ്ട്. ഇവയിലുള്ള കെമിക്കലുകളാണ് ഇതിന് കാരണമാകുന്നത്.
എട്ട്…
ചിലയിനം മരുന്നുകളുടെ ഉപയോഗവും ആസ്ത്മ പ്രശ്നങ്ങള്‍ കൂട്ടും. ഇതും ഡോക്ടറുമായി തന്നെ കണ്‍സള്‍ട്ട് ചെയ്യുന്നതാണ് ഏറ്റവും ഉചിതം.