ഉയര്‍ന്ന വരുമാനം, കുറഞ്ഞ ജീവിതച്ചെലവ്; ആദ്യ പത്തില്‍ ഈ ഗള്‍ഫ് രാജ്യങ്ങളും
അബുദാബി: ഉയര്‍ന്ന വരുമാനവും കുറഞ്ഞ ജീവിതച്ചെലവുമുള്ള ലോകത്തിലെ വന്‍കിട നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി യുഎഇയിലെ നഗരങ്ങളും കുവൈത്തും. അബുദാബി, ദുബൈ, ഷാര്‍ജ എന്നീ മൂന്ന് വന്‍കിട നഗരങ്ങളും പട്ടികയിലെ ആദ്യ പത്തില്‍ ഇടം പിടിച്ചു.
ഈ നഗരങ്ങളിലെ ഒരു താമസക്കാരന്റെ ശരാശരി പ്രതിമാസ വരുമാനം 6,199 ഡോളറാണ്. എന്നാല്‍ ജീവിതച്ചെലവ് ആകട്ടെ 752.70 ഡോളര്‍ മാത്രം. ആഗോള തലത്തില്‍ ഏറ്റവും കുറഞ്ഞ ജീവതച്ചെലവുള്ള നഗരങ്ങളില്‍ കുവൈത്തിനാണ് ഒന്നാം സ്ഥാനം. താമസക്കാര്‍ക്ക് അവരുടെ അടിസ്ഥാന ചെലവുകള്‍ നിര്‍വഹിച്ച ശേഷം ശമ്പളത്തിന്റെ ഭൂരിഭാഗവും സൂക്ഷിക്കാം എന്നതാണ് കുവൈത്തിനെ പട്ടികയിലെ ഏറ്റവും ചെലവു കുറഞ്ഞ നഗരമാക്കിയത്.
രണ്ടാം സ്ഥാനം അബുദാബിക്കാണ്. ഇവിടെ താമസക്കാര്‍ക്ക് ശരാശരി 7,154 ഡോളര്‍ പ്രതിമാസം ലഭിക്കുന്നു. ജീവിത ചെലവ് 873.10 ഡോളറാണ്. പട്ടികയില്‍ മൂന്നാമത്തെ നഗരം റിയാദാണ്. ഇവിടെ പ്രതിമാസം 6,245 ഡോളര്‍ വരുമാനം ലഭിക്കുമ്പോള്‍ ജീവിതച്ചെലവ് 814.90 ഡോളര്‍ വരെയാണ്. അബുദാബിയും റിയാദും ഉയര്‍ന്ന ശമ്പളവും കുറഞ്ഞ ബില്ലുകളും മൂലം പട്ടികയില്‍ നേട്ടമുണ്ടാക്കി.
ദുബൈയും ഷാര്‍ജയും പട്ടികയില്‍ നാലും അഞ്ചും സ്ഥാനത്താണുള്ളത്. 7,118 ഡോളര്‍, 5,22 ഡോളര്‍ എന്നിങ്ങനെയാണ് യഥാക്രമം ഇവിടുത്തെ പ്രതിമാസ വരുമാനം. ജീവിതച്ചെലവുകള്‍ യഥാക്രമം 1,007 ഡോളര്‍, 741.30 ഡോളര്‍ എന്നിങ്ങനെയാണ്. വര്‍ക്ക് യാര്‍ഡ് റിസര്‍ച്ചിലാണ് ഈ വിവരങ്ങളുള്ളത്. ഈ റിസര്‍ച്ച് സ്ഥാപനത്തിലെ വിദഗ്ധര്‍ 20 നഗരങ്ങളിലെ വിവരങ്ങളാണ് വിശകലനം ചെയ്തത്. ആളുകള്‍ക്ക് ഉയര്‍ന്ന വരുമാനം ലഭിക്കുന്നതും അതേസമയം വാടക, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കള്‍ എന്നീ ജീവിതച്ചെലവുകള്‍ക്കായി വളരെയധികം ചെലവഴിക്കേണ്ടി വരാത്തതുമായ നഗരങ്ങള്‍ കണ്ടെത്താനായിരുന്നു സര്‍വേ. ഓരോ നഗരത്തിന്റെ ശരാശരി പ്രതിമാസ വരുമാനവും 2023ലെ ശരാശരി പ്രതിമാസ ജീവിതച്ചെലവും താരതമ്യപ്പെടുത്തി, സര്‍ക്കാര്‍ തൊഴില്‍ സ്രോതസ്സുകളില്‍ നിന്നാണ് സര്‍വേയ്ക്ക് വേണ്ടി ഡാറ്റ ശേഖരിച്ചത്. ഉയര്‍ന്ന വരുമാനം ഉണ്ടായിട്ടും ജീവിതച്ചെലവ് കൂടുതലുള്ള നഗരമായി പട്ടികയിലുള്ളത് ന്യൂയോര്‍ക്കാണ്.