കൊല്ലം: അഞ്ചാലുംമൂട്ടില്‍ വാഹനത്തിന്റെ ഹോണ്‍ മുഴക്കിയതിന് യുവതി ഓടിച്ചിരുന്ന കാര്‍ രണ്ടംഗസംഘം അടിച്ചു തകര്‍ത്തു. തിരുവനന്തപുരം സ്വദേശി അഞ്ജലി രഘുനാഥന്റെ വാഹനമാണ് ആക്രമിച്ചത്. സംഭവത്തില്‍ മങ്ങാട് സ്വദേശികളായ അഖില്‍ രൂപ്, ജെമിനി ജസ്റ്റിന് എന്നിവരെ അഞ്ചാലുമ്മൂട് പോലീസ് അറസ്റ്റ് ചെയ്തു. ജയിലില്‍വെച്ച് ഇവര്‍ പരാതിക്കാരിക്കെതിരെ വധഭീഷണി മുഴക്കി.
വാഹനത്തിന്റെ ഹോണ്‍ മുഴക്കിയതില്‍ പ്രകോപിതരായാണ് യുവതി ഓടിച്ചിരുന്ന വാഹനം യുവാക്കള്‍ ആക്രമിച്ചത്. യുവതിയുടെ ഭര്‍ത്താവ് അമല്‍ ഷേഹു, ഭര്തൃസഹോദരന് സമല്‍ ഷേഹു എന്നിവര്‍ ഈ സമയം വാഹനത്തില്‍ ഉണ്ടായിരുന്നു. പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു സംഭവം.
യാത്രയ്ക്കിടെ റോഡില്‍ കുറുകെ നിര്‍ത്തിയിട്ടിരുന്ന കാര്‍ മാറ്റാനായാണ് യുവതി ഹോണ്‍ മുഴക്കിയത്. ഇതില്‍ പ്രകോപിതരായ പ്രതികള്‍ യുവതിയെയും കുടുംബത്തെയും അസഭ്യം പറഞ്ഞു. വാഹനം മുന്നോട്ടെടുത്തപ്പോള്‍ പിന്നാലെയെത്തി തടഞ്ഞുനിര്‍ത്തി മുന്നിലെ ചില്ല് അടിച്ചുതകര്‍ത്തു. രാവിലെ തന്നെ അഖില്‍ രൂപിനെയും ജെമിനി ജസ്റ്റിനെയും പോലീസ് പിടികൂടി. സ്റ്റേഷനില്‍വെച്ചും അമല്‍ പരാതിക്കാരിക്കെതിരെ വധഭീഷണി മുഴക്കി.
പ്രതികള്‍ക്കെതിരെ സ്ത്രീകളെ ആക്രമിക്കല്‍, സംഘം ചേര്‍ന്നുള്ള ആക്രമണം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.