ന്യൂഡല്‍ഹി: ശമനമില്ലാതെ സംഘര്‍ഷം തുടരുന്ന മണിപ്പുരിനെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വതന്ത്ര്യദിനാഘോഷ പ്രസംഗം. രാജ്യം മണിപ്പുരിലെ ജനങ്ങള്‍ക്കൊപ്പമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി സമാധാനത്തിലൂടെ മാത്രമേ പ്രശ്നങ്ങള്‍ പരഹരിക്കാനാകൂവെന്ന് വ്യക്തമാക്കി.
‘കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ മണിപ്പുരില്‍ അക്രമത്തിന്റെ തിരമാലകള്‍ കണ്ടു. നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നമ്മുടെ അമ്മമാരും സഹോദരമാരും അപമാനിക്കപ്പെടുകയും ചെയ്തു. എന്നാലിപ്പോള്‍, മേഖലയില്‍ സമാധാനം പതുക്കെ തിരിച്ചുവരുന്നു. ഇന്ത്യ മണിപ്പൂരിനൊപ്പം നില്‍ക്കുന്നു’ പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രവും സംസ്ഥാന സര്‍ക്കാരും നടത്തുന്നുണ്ട്’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രകൃതി ദുരന്തം രാജ്യത്തിന്റെ പല ഭാഗങ്ങളിലും സങ്കല്‍പ്പിക്കാനാവാത്ത പ്രതിസന്ധികള്‍ സൃഷ്ടിച്ചു. ഇത് നേരിട്ട എല്ലാ കുടുംബങ്ങള്‍ക്കും തന്റെ അനുശോചനം അറിയിക്കുന്നുവെന്നും മോദി പറഞ്ഞു. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ജനസംഖ്യ, ജനാധിപത്യം, വൈവിധ്യം ഇവ മൂന്നും ചേര്‍ന്ന് രാജ്യത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള കഴിവുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ തങ്ങളുടെ സംഭാവനകള്‍ നല്‍കിയ എല്ലാ ധീരഹൃദയര്‍ക്കും ഞാന്‍ എന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു’ പ്രധാനമന്ത്രി പറഞ്ഞു.