ന്യൂഡൽഹി:റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ആധുനിക മുഖം നൽകുന്ന അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയില്‍ തിരഞ്ഞെടുത്ത 1309 സ്റ്റേഷനുകളില്‍ കേരളത്തില്‍ നിന്നും 35 റയിൽവെ സ്റ്റേഷനുകൾ.ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്റെ വികസനം സംബന്ധിച്ച ടി.എൻ. പ്രതാപൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് നല്‍കിയ മറുപടിയിലാണ് ഈ കണക്കുകള്‍.
ആലപ്പുഴ, അങ്ങാടിപ്പുറം, അങ്കമാലി, ചാലക്കുടി, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, ചിറയിൻകീഴ്, എറണാകുളം, എറണാകുളം ടൗണ്‍, ഏറ്റുമാനൂര്‍, ഫറോക്, ഗുരുവായൂര്‍, കാസര്‍കോട്, കണ്ണൂര്‍, കൊല്ലം, കോഴിക്കോട്, കുറ്റിപ്പുറം, മാവേലിക്കര, നെയ്യാറ്റിൻകര, നിലമ്ബൂര്‍ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂര്‍, പുനലൂര്‍, ഷൊര്‍ണൂര്‍ ജങ്ഷൻ, തലശ്ശേരി, തിരുവനന്തപുരം, തൃശ്ശൂര്‍, തിരൂര്‍, തിരുവല്ല, തൃപ്പൂണിത്തുറ, വടകര, വര്‍ക്കല, വടക്കാഞ്ചേരി എന്നിവയാണ് കേരളത്തിൽ നിന്നുള്ള റയിൽവെ സ്റ്റേഷനുകൾ.
സ്റ്റേഷനുകളുടെ നവീകരണത്തിനായി റെയിൽവേ മന്ത്രാലയം രൂപീകരിച്ച പുതിയ പദ്ധതിയാണ് ‘അമൃത് ഭാരത് സ്റ്റേഷൻ’ പദ്ധതി.ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ തന്നെ മാറ്റിയെഴുതുവാൻ കഴിയുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് ഇത് വഴി നടക്കുന്നത്. ലഭ്യമായ സൗകര്യങ്ങൾ പരമാവധി വിനിയോഗിച്ച് ലോകോത്തര നിലവാരത്തിലേക്ക് സ്റ്റേഷനുകളെ ഉയർത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.