കൊല്ലം:വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചശേഷം ശാസ്താംകോട്ട തടാകത്തില്‍ ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പൊലീസ് വള്ളത്തിലെത്തി പിടികൂടി.ശാസ്താംകോട്ട രാജഗിരി സന്തോഷ്ഭവനത്തില്‍ രാജേഷിനെ(40)യാണ് പോലീസ് തന്ത്രപരമായി പിടികൂടിയത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ ശാസ്താംകോട്ട ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. കോളേജ് കഴിഞ്ഞ് കുട്ടികള്‍ വീട്ടിലേക്ക് പോകാനായി ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്ബോള്‍ തിരക്കിനിടയിലൂടെ എത്തിയ രാജേഷ് പിന്നില്‍ നിന്ന് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.
പെണ്‍കുട്ടി ബഹളം വച്ചതോടെ ഇയാള്‍ തെക്കുഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളും സ്ഥലത്തുണ്ടായിരുന്ന യാത്രക്കാരും ഇയാളുടെ പിന്നാലെ പാഞ്ഞു. അപ്പോഴേക്കും രാജേഷ് തടാകത്തിൽ ചാടി മറുകരയിലേക്ക് നീന്തുകയായിരുന്നു. ഇതോടെ സംഭവമറിഞ്ഞ് ശാസ്താംകോട്ട എസ്ഐ. കെ.എച്ച്.ഷാനവാസിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. പിന്തുടരുന്നത് പന്തിയല്ലെന്നു ബോധ്യപ്പട്ടതോടെ പൊലീസ് മറുഭാഗത്ത് കുതിരമുനമ്ബിലൂടെ മത്സ്യബന്ധന വള്ളത്തിലെത്തി പിടികൂടുകയായിരുന്നു.