തിരുവനന്തപുരം: ‘മിത്ത്’ വിവാദത്തിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ ഗണപതി ഹോമം നടത്താന്‍ നിര്‍ദേശം. ശബരിമല ഒഴികെ ദേവസ്വം ബോര്‍ഡിന്റെ 1,254 ക്ഷേത്രങ്ങളില്‍ ചിങ്ങം ഒന്നിനും (ഓഗസ്റ്റ് 17), വിനായക ചതുര്‍ഥിക്കും (ഓഗസ്റ്റ് 20) വിശേഷാല്‍ ഗണപതി ഹോമം വിപുലമായി നടത്താനാണ് ബോര്‍ഡിന്റെ നിര്‍ദേശം.
ഹോമത്തിന് വ്യാപക പ്രചാരണം നല്‍കാന്‍ എല്ലാ ഡപ്യൂട്ടി ദേവസ്വം കമ്മിഷണര്‍മാരോടും അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍മാരോടും ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ഹോമം സംബന്ധിച്ച് മുന്നൊരുക്കങ്ങളും നടപടിക്രമങ്ങളും ദേവസ്വം വിജിലന്‍സും ഇന്‍സ്‌പെക്ഷന്‍ വിഭാഗവും പരിശോധിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ദൈനംദിന ഗണപതി ഹോമം പതിവാണെങ്കിലും ബോര്‍ഡിന്റെ എല്ലാ ക്ഷേതങ്ങളിലും ഈ രണ്ടു ദിവസങ്ങളില്‍ നിര്‍ബന്ധമായും വിശേഷാല്‍ ഹോമം നടത്തണമെന്ന നിര്‍ദേശം ആദ്യമാണ്. ഇപ്പോഴത്തെ വിവാദവുമായി വിഷേഷാല്‍ ഹോമത്തിന് ബന്ധമില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ബുക്കിങ് ആരംഭിച്ച ആദ്യദിനം തന്നെ ആയിരക്കണക്കിന് വിശ്വാസികളാണ് ഹോമത്തിനായി രജിസ്റ്റര്‍ ചെയ്തത്. 26 ക്ഷേത്രങ്ങളില്‍ ഓണ്‍ലൈനിലൂടെ ബുക്കു ചെയ്യാം. വിവാദങ്ങളില്‍ ദേവസ്വം ബോര്‍ഡ് കക്ഷിയല്ലെന്നും, ബുക്കിങ്ങ് കൂടിയതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് കരുതുന്നില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു.