മലപ്പുറം: താനൂര്‍ കസ്റ്റഡിമരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ശ്വാസകോശത്തിലെ നീര്‍ക്കെട്ടും രക്തസ്രാവവുമാണ് മമ്പുറം സ്വദേശി താമിര്‍ ജിഫ്രിയുടെ മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പോലീസ് മര്‍ദനവും മരണത്തിന് കാരണമായെന്നും താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ ലഹരിമരുന്ന് ഉപയോഗം കാരണമുള്ള നിരവധി പ്രശ്നങ്ങളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
യുവാവിന്റെ ശരീരത്തില്‍ 21 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇടുപ്പിലും കാല്‍പാദത്തിലും മര്‍ദനമേറ്റിട്ടുണ്ട്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിയേറ്റ പാടുകളുമുണ്ട്. പലവിധ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന യുവാവിന്റെ ഹൃദയധമനികള്‍ക്കും തടസ്സമുണ്ടായിരുന്നു. ഇതിന് ആക്കംകൂട്ടുന്നരീതിയില്‍ യുവാവിന് മര്‍ദനമേറ്റെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
അതേസമയം, യുവാവിന്റെ മരണസമയത്തെക്കുറിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് എത്തിച്ചതില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പുലര്‍ച്ചെ 4.30-ന് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ പോലീസ് വൈകിട്ട് നാലുമണിയോടെയാണ് പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. മാത്രമല്ല, ഈ സമയത്ത് മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുകയും ചെയ്തില്ല. ഇതെല്ലാം രാസപരിശോധനാ ഫലത്തെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ചൊവ്വാഴ്ചയാണ് താമിര്‍ ജിഫ്രിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അധികൃതര്‍ ബന്ധുക്കള്‍ക്ക് കൈമാറിയത്. ഇതോടെയാണ് റിപ്പോര്‍ട്ടിലെ വിശദവിവരങ്ങള്‍ പുറത്തുവന്നത്. നേരത്തെ റിപ്പോര്‍ട്ട് കൈമാറാതെ പോലീസ് ഉരുണ്ടുകളിക്കുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ലഹരിമരുന്ന് കേസില്‍ താനൂര്‍ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ ഓഗസ്റ്റ് ഒന്നാം തീയതി പുലര്‍ച്ചെയാണ് താമിര്‍ ജിഫ്രി മരിച്ചത്. യുവാവിന്റെ ആമാശയത്തില്‍നിന്ന് മഞ്ഞദ്രാവകമടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകളും കണ്ടെത്തിയിരുന്നു. മരണത്തില്‍ പോലീസിനെതിരേ ആരോപണമുയര്‍ന്നതിന് പിന്നാലെ താനൂര്‍ സ്റ്റേഷനിലെ എസ്.ഐ. ഉള്‍പ്പെടെ എട്ടുപോലീസുകാരെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.