KeralaNEWS

കൊല്ലം-തിരുമംഗലം ദേശീയപാതയ്ക്ക് സമാന്തരമായി പുനലൂരില്‍ ബൈപാസ്; സർവ്വേ പൂർത്തിയായി

പുനലൂർ:കൊല്ലം-തിരുമംഗലം ദേശീയപാതയ്ക്ക് സമാന്തരമായി പുനലൂരില്‍ ബൈപാസ് നിർമ്മിക്കുന്നു.ഇതിന്റെ സർവ്വേ പൂർത്തിയായി.സര്‍വേയുടെ അടിസ്ഥാനത്തില്‍ സ്കെച്ചും ഡ്രോയിങ്ങും തയാറാക്കുന്ന ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ അന്തിമ അലൈൻമെന്റ് തയാറാക്കും.

പുനലൂര്‍ ചെമ്മന്തൂരില്‍ കോളജ് ജംക്‌ഷന് പടിഞ്ഞാറു ഭാഗത്ത് ആരംഭിച്ച സര്‍വേ തെന്മല പഞ്ചായത്തിലെ ഇടമണില്‍ മൂന്നിടത്ത് എത്തിച്ചേരുന്ന രീതിയിലാണ് അവസാനിപ്പിച്ചത്. ആയിരനെല്ലൂര്‍ പാലത്തിലും നിര്‍ദിഷ്ട ഗ്രീൻഫീല്‍ഡ് ഹൈവേയിലും ദേശീയപാതയില്‍ ഇടമണ്‍ 34ലും അവസാനിക്കുന്ന രീതിയിലാണിത്.

അന്തിമ അലൈൻമെന്റിലെ പാതയുടെ അവസാനം കൃത്യമായി നിര്‍ണയിക്കാനാകൂ. പുനലൂരില്‍ മലയോര ഹൈവേയുമായി ബൈപാസ് സംഗമിക്കുന്ന തൊളിക്കോട്ട് ഫ്ലൈ ഓവര്‍ നിർമ്മിക്കാനും തീരുമാനമായിട്ടുണ്ട്.

Signature-ad

പുനലൂര്‍ നഗരസഭാ പരിധിയില്‍ തന്നെ കല്ലടയാറിനു കുറുകെ പാലവും നിര്‍മിക്കും. ദേശീയപാത നിലവാരത്തില്‍ 45 മീറ്റര്‍ വീതിയിലും 12 കിലോമീറ്റര്‍ ദൂരത്തിലുമാണ് സര്‍വേ നടത്തിയത്.പ്രാഥമിക അലൈൻമെന്റ് തയാറാക്കി മരാമത്ത് വകുപ്പിന്റെ ഡിസൈൻ വിഭാഗത്തിന് കൈമാറും. ഇവരാണ് അന്തിമ അലൈൻമെന്റ് തയാറാക്കുന്നത്.വീടുകള്‍ പരമാവധി ഒഴിവാക്കിയാണ് സര്‍വേ നടത്തിയിട്ടുള്ളത്.

Back to top button
error: