കണ്ണൂര്‍: മുടിവെട്ടാന്‍ നൂറുരൂപയുമായി വീട്ടില്‍നിന്ന് പോയ 16 വയസുകാരനെ 17-ാം ദിവസം ബെംഗളൂരുവില്‍നിന്ന് കണ്ടെത്തി. കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി മുഹമ്മദ് ഷസിനെയാണ് രണ്ടാഴ്ചയായി തുടരുന്ന അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 17ന് രാവിലെ മുടിവെട്ടാനായി വീട്ടില്‍നിന്ന് ഇറങ്ങിയതായിരുന്നു ഷസ്. എന്നാല്‍ ഏറെ വൈകിയിട്ടും തിരിച്ചുവന്നില്ല.
സമീപത്തെ സിസി ടിവികള്‍ കേന്ദ്രീകരിച്ച് ഷസിനായി തെരച്ചില്‍ നടത്തിയെങ്കിലും ഒരു വിവരവും കിട്ടിയില്ല. വീട്ടില്‍നിന്ന് ഇറങ്ങിയ ഷസ് സുഹൃത്തുക്കളുടെ ആരുടെയും വീട്ടിലേക്ക് പോയിരുന്നില്ല. ആരെയും വിളിച്ചിട്ടുമില്ല. മുടിവെട്ടാന്‍ പോയ ഷസ് അടുത്തുളള കടകളിലൊന്നും എത്തിയിട്ടില്ലെന്നും വ്യക്തമായി. കാത്തിരിപ്പ് മണിക്കൂറുകളും ദിവസങ്ങളും ആഴ്ചകളും പിന്നിടുമ്പോഴും കുട്ടി എവിടെയെന്ന് കണ്ടാത്താനായിരുന്നില്ല. മുടി മുറിക്കാന്‍ പറഞ്ഞ് ഉമ്മ കൊടുത്തുവിട്ട നൂറുരൂപ മാത്രമാണ് കയ്യിലുണ്ടായിരുന്നത്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഒരു തുമ്പും കിട്ടിയിരുന്നില്ല. പിന്നീട് സോഷ്യല്‍ മീഡിയ വഴി കുട്ടിയുടെ ഫോട്ടോ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരുവില്‍ കുട്ടി എത്തിയതായി വിവരം പങ്കുവെച്ച് വീഡിയോ പുറത്തുവന്നിരുന്നു. ബംഗളൂരു മെജസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ ഇരിക്കുന്ന വീഡിയോയാണ് ഇന്‍സ്റ്റഗ്രാം വഴി പ്രചരിച്ചത്. ഇതിന്റെ പിന്നാലെ അന്വേഷിച്ചാണ് ഒടുവില്‍ കുട്ടിയെ ബുധനാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.
അതേസമയം, കക്കാട് കുഞ്ഞിപ്പള്ളിയില്‍ തന്നെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. സ്കൂളിലേക്ക് പോകുന്നതിനിടെ കറുത്ത നിറമുള്ള വാനിലെത്തിയ സംഘമാണ് ഇന്നലെ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. മുഖംമൂടി ധരിച്ച നാലുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത് പെണ്‍കുട്ടി പറയുന്നു. പരാതിയെത്തുടര്‍ന്ന് സമീപത്തെ കടകളില്‍ നിന്നുമുള്ള സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. വീട്ടില്‍നിന്ന് മുടിവെട്ടിക്കാന്‍ പോയ 16 വയസുകാരന്‍െ്റ തിരോധാനത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് കുഞ്ഞിപ്പള്ളിയില്നിന്നു തന്നെ പരാതി ഉയരുന്നത്.