
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ വിവാദപ്രസംഗത്തില്‍ പ്രതിഷേധിച്ച് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച തലസ്ഥാനത്ത് നടത്തിയ നാമജപഘോഷയാത്രയ്ക്കെതിരെ കേസെടുത്ത് പോലീസ്.
എന്‍.എസ്.എസ്. വൈസ് പ്രസിഡന്റും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ എം. സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസ്. കണ്ടാലറിയാവുന്ന ആയിരം എന്‍.എസ്.എസ്. പ്രവര്‍ത്തകരേയും പോലീസ് സ്വമേധയാ എടുത്ത കേസില്‍ പ്രതിചേര്‍ത്തു.
തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 143, 147, 149 283 വകുപ്പുകള്‍ ചേര്‍ത്താണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുകൂടാതെ കേരളാ പോലീസ് ആക്ടിന്റെ 39, 121, 77ബി വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങില്‍ ജാഥകളോ സമരങ്ങളോ നടത്താന്‍ പാടില്ലെന്നുള്ള നിയമത്തിന് വിപരീതമായി നാമജപയാത്ര നടത്തിയെന്നാണ് എഫ്.ഐ.ആറിലുള്ളത്.
എം. സംഗീത് കുമാറിന്റെ നേതൃത്വത്തില്‍ കണ്ടാലറിയാവുന്ന ആയിരത്തോളം എന്‍.എസ്.എസ്. യൂണിയന്‍ പ്രവര്‍ത്തകര്‍ പാളയം ഗണപതി ക്ഷേത്രത്തിന് സമീപം അന്യായമായി സംഘം ചേര്‍ന്നു. അനുമതി ഇല്ലാതെ വാഹനങ്ങളില്‍ മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചു. കാല്‍നടയാത്രക്കാരുടേയും വാഹനങ്ങളുടേയും സുഗമമായ സഞ്ചാരത്തിന് മാര്‍ഗതടസ്സം സൃഷ്ടിച്ചു എന്നതടക്കം എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ന്യായവിരുദ്ധമായ ജനക്കൂട്ടമാണെന്നും അതിനാല്‍ പിരിഞ്ഞുപോകണമെന്നും എസ്.ഐ. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മുന്നറിയിപ്പ് ലംഘിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചതിനാണ് കേസെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.






