വയനാട്: കല്പറ്റ വെണ്ണിയോട് കുഞ്ഞുമായി യുവതി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികള്‍ കീഴടങ്ങി. മരിച്ച ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛന് ഋഷഭ രാജ്, അമ്മ ബ്രാഹ്മിലി എന്നിവരാണ് കമ്പളക്കാട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇവര്‍ക്ക് കഴിഞ്ഞദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്.
കഴിഞ്ഞ മാസം 13നാണ് കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തില്‍ വി.ജി.വിജയകുമാറിന്റെയും വിശാലാക്ഷിയുടെയും മകള്‍ ദര്‍ശന(32), കീടനാശനി കഴിച്ചതിനു ശേഷം മകള്‍ 5 വയസ്സുകാരി ദക്ഷയുമൊത്തു പുഴയില്‍ ചാടി മരിച്ചത്. ഇതിനു പിന്നാലെ ദര്‍ശനയുടെ ഭര്‍ത്താവും കുടുംബവും ഒളിവില്‍ പോയിരുന്നു. ദര്‍ശന 5 മാസം ഗര്‍ഭിണിയുമായിരുന്നു. കുട്ടിയുടെ മൃതദേഹം 3 ദിവസങ്ങള്‍ക്ക് ശേഷമാണു ലഭിച്ചത്.
വിവാഹംശേഷം ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്നു മകള്‍ക്ക് ഏല്‍ക്കേണ്ടി വന്നതു കൊടിയ പീഡനമായിരുന്നുവെന്ന് ദര്‍ശനയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. 2016 ഒക്ടോബര്‍ 23നായിരുന്നു ദര്‍ശനയുടെ വിവാഹം. വിവാഹം കഴിഞ്ഞു മാസങ്ങള്‍ കഴിയും മുന്‍പേ പ്രശ്നങ്ങള്‍ തുടങ്ങി. വിവാഹ സമ്മാനമായി നല്കിയ സ്വര്‍ണം ഓംപ്രകാശിന്റെ പിതാവ് നടത്തിയിരുന്ന കാപ്പിക്കച്ചവടത്തിന് ചോദിച്ചപ്പോള്‍ നല്‍കാത്തതിനെ തുടര്‍ന്നാണു പീഡനങ്ങളുടെ തുടക്കം. ഭര്‍ത്താവും പിതാവും ഈ കാര്യം ചോദിച്ചു പീഡിപ്പിക്കുന്നതു നിത്യ സംഭവമായിരുന്നു. ദര്‍ശന പൂക്കോട് വെറ്ററിനറി കോളജില്‍ ജോലി ചെയ്ത വകയില്‍ ലഭിച്ച തുക ഓംപ്രകാശിനു കാര്‍ വാങ്ങാന്‍ നല്‍കാത്തതിലും പീഡനം തുടര്‍ന്നുവെന്നു ദര്‍ശനയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
വിവാഹ ബന്ധത്തില്‍ നിന്നു പിന്മാറിയാല് ദക്ഷയ്ക്ക് അച്ഛന് നഷ്ടപ്പെടുമെന്ന ചിന്തയാണ് മകളെ ആ തീരുമാനത്തില്‍ നിന്നു പിന്മാറ്റിയത്. ഇതിനിടയില്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി 2 തവണ ഗര്‍ഭം അലസിപ്പിക്കേണ്ടി വന്നത് അവളെ മാനസികമായി തളര്‍ത്തിയിരുന്നു. ആറര വര്‍ഷത്തോളം നീണ്ട കൊടിയ മാനസിക ശാരീരിക പീഡനങ്ങളെ തുടര്‍ന്നാണ് മകള്‍ ആത്മഹത്യയില്‍ അഭയം തേടിയതെന്നും മാതാപിതാക്കള്‍ പറഞ്ഞിരുന്നു.