തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ഷംതോറും കൂടുന്നു. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അതിക്രമങ്ങള്‍ തടയുന്നതിനുമായി ബാലാവകാശ കമ്മിഷനും ശിശുക്ഷേമ സമിതിയും നിലവിലുണ്ടെങ്കിലും കേസുകള്‍ കൂടിവരികയാണ്. ലഹരി, കുടുംബപ്രശ്‌നങ്ങള്‍, മറ്റ് സാമൂഹിക അരക്ഷിതാവസ്ഥ എന്നിവയുടെ ഇരയായി കുട്ടികള്‍ മാറുന്നു. ആലുവയില്‍ അഞ്ചുവയസ്സുകാരി ക്രൂരമായ പീഡനങ്ങള്‍ക്കിരയായി കൊല്ലപ്പെട്ട കേസിലെ പ്രതി ലഹരിക്കടിമയായിരുന്നെന്ന് വ്യക്തമായിട്ടുണ്ട്.
കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനവുണ്ടായതായാണ് പോലീസ് കണക്കുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം 2016 മുതല്‍ 2023 മെയ് വരെ 31,364 ആണ്. 2016 ല്‍ 33 കുട്ടികളാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. 2017 ലും 2018 ലും 28 വീതം കുട്ടികള്‍ കൊല്ലപ്പെട്ടു. 2019 ല്‍ ഇത് 25 ഉം 2020 ല്‍ 29 ഉം ആയിരുന്നു. എന്നാല്‍, 2021 ല്‍ 41 കുട്ടികളാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്.
2022 ല്‍ 23 കുട്ടികള്‍ കൊല്ലപ്പെട്ടു. ഈ വര്‍ഷം മേയ് വരെയുള്ള കണക്കുകള്‍ പ്രകാരം ഏഴ് കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം അതിഥി തൊഴിലാളികള്‍ കുറ്റവാളികളാകുന്ന കേസുകളും വര്‍ധിക്കുന്നുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 118 കൊലപാതക കേസുകളില്‍ 159 അതിഥി തൊഴിലാളികളെ പ്രതികളാക്കി. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ 2013ല്‍ നടത്തിയ സര്‍വേയില്‍ സംസ്ഥാനത്ത് 25 ലക്ഷം അതിഥി സംസ്ഥാന തൊഴിലാളികളുണ്ടെന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍, 2021 ല്‍ ആസൂത്രണ ബോര്‍ഡ് നടത്തിയ സര്‍വെ പ്രകാരം 34 ലക്ഷം അതിഥി സംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നാണ് പറയുന്നത്. കൊവിഡ് മഹാമാരി സമയത്ത് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയെങ്കിലും നല്ലൊരു ഭൂരിപക്ഷവും മടങ്ങിയെത്തിയിട്ടുണ്ട്. ഇവരെ കൂടാതെ പുതിയ തൊഴിലാളികളും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.
ചെറുപ്രായം മുതല്‍ത്തന്നെ എത്ര പരിചയമുള്ളവരാണെങ്കിലും ഒഴിഞ്ഞ സ്ഥലത്തേക്ക് വിളിക്കുകയോ മറ്റെന്തെങ്കിലും സമ്മാനങ്ങള്‍ തരാമെന്ന് പറഞ്ഞ് വിളിച്ചാലോ പോകരുതെന്ന് മനസ്സിലാക്കിക്കൊടുക്കണം. മാതാപിതാക്കള്‍ ഇരുവരും ജോലിക്കുപോകുന്‌പോള്‍ കുട്ടികള്‍ വീട്ടില്‍ ഒറ്റയ്ക്കാവുന്ന സാഹചര്യം കൂടുതലാണിപ്പോള്‍. അത്തരം സാഹചര്യങ്ങളില്‍ അവരെ ശ്രദ്ധിക്കാനുള്ള അയല്‍പ്പക്ക ജാഗ്രതയുമുണ്ടാകണം. കുട്ടികളെ കാണാനില്ലെന്ന കേസുകളില്‍ അന്വേഷണത്തിന് പ്രത്യേക പ്രോട്ടക്കോള്‍ കൊണ്ടുവരാന്‍ പോലീസിനാകണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പോക്സോ വകുപ്പ് പ്രകാരം കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്ന് പോലീസില്‍ നിന്നുള്ള ഡാറ്റകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 214 കുട്ടികള്‍ കൊല്ലപ്പെടുകയും 9604 പേര്‍ ലൈംഗികാതിക്രമത്തിന് ഇരയാകുകയും ചെയ്തു.
നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം പോക്‌സോ കേസുകളില്‍ 2021 -ല്‍ നാലാം സ്ഥാനമായിരുന്നു കേരളത്തിന്. കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയിലും തൊട്ടുപിന്നില്‍ ഡല്‍ഹിയും ഉത്തര്‍പ്രദേശുമായിരുന്നു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനിലേക്ക് 2021 -22-ല്‍ ലഭിച്ച 2,315 പരാതികളില്‍ എട്ട് ശതമാനം പോക്‌സോയുമായി ബന്ധപ്പെട്ടതായിരുന്നു.