വയനാട്: ഓണം അടുത്തിരിക്കെ ഇത്തവണ’അത്തപ്പൂവിന്’ചിലവേറും. കനത്ത മഴയിൽ കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളിലുള്ള പൂപ്പാടങ്ങളിലെ പൂക്കള്‍ വ്യാപകമായി ചീഞ്ഞുപോയതാണ് കാരണം.
കനത്ത മഴ പൂകൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.ചെണ്ടുമല്ലിയും മറ്റും വ്യാപകമായി നശിച്ചത് ഓണക്കാലത്തെ പൂ ലഭ്യത കുറയാൻ ഇടയാകും. ഗുണ്ടല്പേട്ടക്കടുത്തും എച്ച്.ഡി കോട്ട ഭാഗങ്ങളിലുമാണ് വ്യാവസായിക അടിസ്ഥാനത്തില്‍ പൂകൃഷി നടത്തുന്നത്.
പെയിന്റ് ആവശ്യങ്ങള്‍ക്കായാണ് നിലവില്‍ ചെണ്ടുമല്ലി പൂക്കള്‍ കൂടുതലായി ഉപയോഗിക്കുന്നത്. ഓണവിപണി ലക്ഷ്യമിട്ടും കര്‍ഷകര്‍ കൃഷി നടത്തുന്നുണ്ട്. സാധാരണ കര്‍ണാടക ഗ്രാമങ്ങളില്‍ ഈ സമയത്ത് ശക്തമായ മഴ ഉണ്ടാകാറില്ല. എന്നാല്‍ ഇത്തവണ പ്രതികൂല കാലാവസ്ഥയാണ്. പച്ചക്കറിയും പുഷ്പകൃഷിയും ചെയ്യുന്ന കര്‍ഷകര്‍ക്ക് വൻ നഷ്ടമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. മഴ തുടര്‍ന്നാല്‍ നഷ്ടം ഇനിയും വര്‍ധിക്കും.