കണ്ണൂര്‍: പോലീസ് സ്റ്റേഷനില്‍ നിന്നും കൈവിലങ്ങോടെ രക്ഷപ്പെട്ട മോഷണ കേസിലെ പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കുറ്റിയാട്ടൂര്‍ ഉരുവച്ചാലില്‍ വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലെ പ്രതി മുണ്ടേരി ചാപ്പ സ്വദേശി കെപി ഹൗസില്‍ അജിനാസാണ്(22) ചൊവ്വാഴ്ച്ച ഉച്ചയോടെ സ്റ്റേഷനില്‍ നിന്നും ഇറങ്ങിയോടിയത്.
വീട്ടമ്മയെ സ്കൂട്ടറില്‍നിന്ന് തള്ളിയിട്ട് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു; പ്രതി പിടിയില്‍
തിങ്കളാഴ്ച്ച രാത്രിയാണ് അജിനാസിനെ അറസ്റ്റു ചെയ്തത്. മൊബൈല്‍ ഫോണ്‍ വില്പന നടത്തിയ കടയിലെത്തിച്ചു തെളിവെടുപ്പ് നടത്തിയ ശേഷമാണ് പ്രതിയെ സ്റ്റേഷനിലെത്തിച്ചത്. സ്റ്റേഷനിന്‍നിന്ന് പ്രതി കൈവിലങ്ങോടെ രക്ഷപ്പെടുകയായിരുന്നു. സ്റ്റേഷന് പുറകിലുളള കാട്ടിലേക്കാണ് പ്രതി ഓടിയത്. മണിക്കൂറുകളോളം മയ്യിലും സമീപ പ്രദേശങ്ങളിലും പ്രതിക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. വേളം വായനശാലയ്ക്കു സമീപം ഒളിച്ചിരുന്ന പ്രതിയെ വൈകിട്ടോടെ നാട്ടുകാര്‍ കണ്ടെത്തി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
വ്യാഴാഴ്ച്ച വൈകുന്നേരമാണ് സ്കൂട്ടര്‍ യാത്രക്കാരിയായ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ വീട്ടമ്മയെ ബൈക്കില്‍ പിന്തുടര്ന്നെത്തിയ അജിനാസ് തളളി താഴെയിട്ടതിനു ശേഷം താലിമല പിടിച്ചു പറിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇതു ലഭിക്കാത്തതിനെ തുടര്‍ന്ന് നിലത്തുവീണുകിടന്ന അവരുടെ മൊബൈല്‍ ഫോണുമായി പ്രതി കടന്നുകളയുകയായിരുന്നു. പ്രദേശത്തെ സിസി ടിവി ക്യാമറകള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.