KeralaNEWS

ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് തട്ടകം മാറ്റാനൊരുങ്ങി ബിജെപി നേതാവും ഏഷ്യാനെറ്റ് ഉടമയുമായ രാജീവ് ചന്ദ്രശേഖരന്‍ 

തിരുവനന്തപുരം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ നിന്നും മത്സരിക്കാനൊരുങ്ങി ഏഷ്യാനെറ്റ് ഉടമയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖരന്‍.

കേരളത്തില്‍ ജനിച്ച അദ്ദേഹം നിലവില്‍ കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ്.ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമ സ്ഥാപനങ്ങളുടെ ഉടമയായ അദ്ദേഹത്തോട് കേരളത്തില്‍ നിന്നും മത്സരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വമാണ് ആവശ്യപ്പെട്ടത്.

ജന്മനാടായ തൃശൂർ മണ്ഡലമാണ്  അദ്ദേഹത്തിന്റെ മനസ്സിലുള്ളതെങ്കിലും തൃശൂര്‍ സുരേഷ് ഗോപി കൈയ്യടക്കിയതിനാല്‍ തിരുവനന്തപുരത്തു നിന്നും മത്സരിക്കാനാണ് ഇപ്പോഴത്തെ ശ്രമം.തിരുവനന്തപുരത്ത് ശശി തരൂരിനെ നേരിടാന്‍ കേന്ദ്ര മന്ത്രിസഭയിലെ ഒരു പ്രമുഖന്‍ രംഗത്തിറങ്ങുമെന്ന പ്രചാരണം നേരത്തെ തുടങ്ങിയത് രാജീവ് ചന്ദ്രശേഖറിനു വേണ്ടിയാണെന്നും സൂചനയുണ്ട്.

Signature-ad

ഏഷ്യാനെറ്റ് ന്യൂസിന് പുറമെ കന്നടപ്രഭ പത്രവും സുവര്‍ണ ന്യൂസ് ചാനലും രാജീവിന്റെ ഉടമസ്ഥതയിലുണ്ട്.രാജീവിന്റെ ഉടമസ്ഥതയിലുള്ള ജുപ്പിറ്റര്‍ ക്യാപ്പിറ്റല്‍ പ്രതിരോധ ഇടപാടുകളും നടത്തുന്നുണ്ട്. പാര്‍ലിമെന്റിന്റെ പ്രതിരോധ സ്റ്റാന്റിങ്ങ് കമ്മിറ്റിയില്‍ അദ്ദേഹത്തെ ഉൾപ്പെടുത്തിയത്  വിവാദമായിരുന്നു.

കര്‍ണാടകയില്‍ വിജയ സാധ്യതയുള്ള സീറ്റുകള്‍ സംഘടിപ്പിക്കാന്‍ എളുപ്പമായിരിന്നിട്ടും കേരളത്തില്‍ മത്സരിക്കാൻ കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് നിര്‍ദ്ദേശം നൽകിയതിനു പിന്നിൽ കേരള ബിജെപി ഘടകം ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസ്സഹകരണം ഒഴിവാക്കിയതാണെന്നാണ് വിലയിരുത്തൽ.

ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസഹകരണം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ബിജെപി കേരള ഘടകം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വാര്‍ത്താക്കുറിപ്പിലൂടെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന മാധ്യമ വേട്ടയുടെ പശ്ചാത്തലത്തില്‍ ഭരണകൂട ഭീകരതയ്ക്ക് ഇരയാവുന്ന മാധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കാൻ ബിജെപി ബാധ്യസ്ഥമാണെന്നാണ് സുരേന്ദ്രൻ ഇതേപ്പറ്റി പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസിനെതിരെയും അതിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും സിപിഎം സ്വീകരിക്കുന്ന ഫാസിസ്റ്റ് സമീപനം ജനാധിപത്യ കേരളത്തിന് അംഗീകരിച്ചു തരാൻ സാധിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

അടിയന്തരാവസ്ഥയ്ക്ക് സമാനമായ രീതിയില്‍ സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യാനാണ് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ജനാധിപത്യത്തിൻ്റെ നാലാം തൂണായ മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരിൻ്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും വാര്‍ത്താക്കുറിപ്പില്‍‌ പറയുന്നു.

 

ഫലത്തിൽ ഏഷ്യാനെറ്റുമായി രണ്ടു വർഷമായി തുടർന്നുവന്ന നിസ്സഹകരണമാണ് ബിജെപി അവസാനിപ്പിച്ചത്.ഇതേത്തുടർന്നായിരുന്നു രാജീവ് ചന്ദ്രശേഖരന്റെ കേരളത്തിലേക്കുള്ള പറിച്ചു നടീൽ.

Back to top button
error: