CrimeNEWS

അയല്‍വാസിയുടെ വ്യാജ പീഡന പരാതിയില്‍ 45 ദിവസം ജയിലില്‍; ആരോപണവുമായി യുവാവ്, പിന്തുണയുമായി നാട്ടുകാരും

ഇടുക്കി: അയല്‍വാസി നല്‍കിയ വ്യാജ പീഡന പരാതിയില്‍ 45 ദിവസം ജയിലില്‍ കിടക്കേണ്ടിവന്നെന്ന ആരോപണവുമായി യുവാവ്. മൈലപ്പുഴ സ്വദേശി പ്രജോഷാണ് ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയത്. സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം നാട്ടുകാരും ഡിജിപിക്കും എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ വ്യാജ പീഡന പരാതി നല്‍കുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം.

വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചുവെന്ന വീട്ടമ്മയുടെ പരാതിയില്‍ ഏപ്രില്‍ 18 നാണ് പ്രജോഷിനെ അറസ്റ്റ് ചെയ്യുന്നത്. മാര്‍ച്ച് 24 ന് പീഡനം നടന്നുവെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. കഞ്ഞികുഴി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് വനിതാ പൊലീസ് സ്റ്റേഷനാണ് അന്വേഷിച്ചത്. മാര്‍ച്ച് 24 ന് താന്‍ മറ്റൊരിടത്ത് കോണ്‍ക്രീറ്റ് പണി ചെയ്യുകയായിരുന്നുവെന്നും അറസ്റ്റിനെത്തിയപ്പോള്‍ പോലീസിനെ ഇത് അറിയിച്ചിരുന്നുവെന്നുമാണ് പ്രജോഷ് പറയുന്നത്. എന്നാല്‍, അതേക്കുറിച്ച് അന്വേഷണം നടത്താന്‍ പോലീസ് തയ്യാറായില്ലെന്നും പ്രജോഷ് കുറ്റപ്പെടുത്തി. തടിപ്പണിയുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ ഭര്‍ത്താവുമായി തര്‍ക്കംഉണ്ടായിരുന്നുവെന്നും ഇതാണ് വ്യാജ പരാതിക്ക് കാരണമെന്നും പ്രജോഷ് ആരോപിക്കുന്നു.

Signature-ad

സംഭവത്തിലെ യാഥാര്‍ത്ഥ്യം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളായ 117 ആളുകള്‍ ഒപ്പിട്ട പ്രത്യേക പരാതി ഡിജിപിക്കും ഇടുക്കി എസ്പിക്കും നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതി നല്‍കി മാസം ഒന്നുകഴിഞ്ഞിട്ടും കാര്യമായ അന്വേഷണം നടത്താത്തതില്‍ നാട്ടുകാര്‍ക്കും പ്രതിക്ഷേധവുമുണ്ട്.

അതേസമയം, കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും ക്രമക്കേടൊന്നുമുണ്ടായിട്ടില്ലെന്നുമാണ് ഇടുക്കി വനിതാ പൊലീസ് സ്റ്റേഷന്റെ വിശദീകരണം. സംഭവത്തെ കുറിച്ച് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയതായി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസും അറിയിച്ചു.

 

 

Back to top button
error: