കൊല്ലം: കടയ്ക്കലില്‍ നീറ്റ് പരീക്ഷയില്‍ കൃത്രിമം കാട്ടിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പിടിയില്‍. മടത്തറ സ്വദേശി സെമിഖാനാണ് പിടിയിലായത്. ഡിവൈഎഫ്ഐ മടത്തറ മേഖലാ കമ്മിറ്റി അംഗവും ബാലസംഘം കടയ്ക്കല്‍ ഏരിയ കോര്‍ഡിനേറ്ററുമാണ് സെമിഖാന്‍.
നീറ്റ് പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റില്‍ കൃത്രിമം കാട്ടി ഉപരിപഠനത്തിന് ശ്രമിച്ചെന്നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് എതിരായ പരാതി. 2021-22 വര്‍ഷത്തെ നീറ്റ് പരീക്ഷയിലാണ് ഇയാള്‍ കൃത്രിമം കാട്ടിയത്. പരീക്ഷയില്‍ യോഗ്യത നേടാതിരുന്ന സെമിഖാന്‍ ഉയര്‍ന്ന മാര്‍ക്കും റാങ്കും നേടിയതായുള്ള രേഖകള്‍ ചമയ്ക്കുകയായിരുന്നു. ഇതിന് ശേഷം ഇയാള്‍ തുടര്‍ പ്രവേശനത്തിനും ശ്രമിച്ചു.
പരീക്ഷയില്‍ കേവലം 16 മാര്‍ക്ക് മാത്രമായിരുന്നു സെമിഖാന് ലഭിച്ചത്. തുടര്‍ന്ന് യുവാവ് 468 മാര്‍ക്ക് വാങ്ങിയതായുള്ള രേഖയുണ്ടാക്കുകയായിരുന്നു. ഇതിന് ശേഷം തനിക്ക് പ്രവേശനം ലഭിക്കുന്നില്ലെന്ന് കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. ഇത് പരിഗണിച്ച കോടതി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും സംഭവത്തില്‍ റൂറല്‍ എസ്.പി. നേരിട്ട് അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്ത് ആയത്.
കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ഉള്‍പ്പെടെ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് ഇയാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് ചോദ്യം ചെയ്യുകയായിരുന്നു. ഇതില്‍ സെമിഖാന്‍ വ്യാജ രേഖയുണ്ടാക്കിയതായി സമ്മതിച്ചു. ഇതേ തുടര്‍ന്നായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ സെമിഖാനെ റിമാന്‍ഡ് ചെയ്തു.