ദില്ലി: നാടകീയരംഗങ്ങൾക്ക് ഒടുവിൽ കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മണിപ്പൂരിൽ കലാപം ആദ്യം പൊട്ടിപുറപ്പെട്ട ചുരാചന്ദ്പ്പൂരില്‍ എത്തി. റോഡ് യാത്രക്ക് അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന്, ഹെലികോപ്ടർ മാർഗമാണ് രാഹുല്‍ ചുരാചന്ദ്പ്പൂരില്‍ എത്തിയത്. കലാപബാധിതർ കഴിയുന്ന ക്യാംപുകള്‍ അദ്ദേഹം സന്ദർശിച്ചു.
എന്നാൽ മൊയ്റാങില്‍ സന്ദർശനം നടത്താന്‍ രാഹുലിന് വിലക്കെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ചുരാചന്ദ്പ്പൂരിന് ശേഷം ബിഷ്ണുപൂരിലെ മൊയ്റാങ്ങിലേക്ക് പോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ മൊയ്റാങ്ങിലേക്ക് പോകാൻ റോഡ് മാര്‍ഗവും വ്യോമമാർഗവും അനുമതി ലഭിച്ചില്ല. അതിനാൽ മൊയ്റാങ് സന്ദർശനം റദ്ദാക്കിയെന്നും കോണ്‍ഗ്രസ് അറിയിച്ചു. നാളെ സന്ദർശനം തുടരാനാകുമോയെന്നതിലും അവ്യക്തത തുടരുകയാണെന്നും കോൺഗ്രസ് വ്യക്തമാക്കി.
നേരത്തെ മണിപ്പൂരിലെത്തിയ രാഹുൽ ഗാന്ധിയെ പൊലീസ് തടയുകയും, കലാപബാധിതമേഖലകളിലേക്ക് റോഡ് മാർഗം പോകുന്നതിനുളള അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. പിന്നാലെ രാഹുൽ ഗാന്ധിയെ പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗവും എതിരായി മറുവിഭാഗവും തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. ഇതോടെ പൊലീസ് ആകാശത്തേക്ക് വെടിവച്ചും കണ്ണീർവാതക ഷെൽ പ്രയോഗിച്ചതും സ്ഥിതി ശാന്തമാക്കി. തുടർന്ന് ഇംഫാലിലേക്ക് മടങ്ങിയ രാഹുലും സംഘവും ഹെലികോപ്റ്റർ മാർഗം യാത്ര തുടരാൻ തീരുമാനിക്കുകയായിരുന്നു.
ഗ്രനേഡ് ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇത് കണക്കിലെടുത്താണ് രാഹുലിനെ തടഞ്ഞതെന്നുമാണ് ബിഷ്ണുപൂര്‍ എസ് പി ഹെയ്‍സ്നാം ബല്‍റാം വിശദീകരിക്കുന്നത്. രാഹുല്‍ പോകുന്ന വഴിയില്‍ ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നുവെന്നും രാഹുലിന്‍റെ സുരക്ഷ കൂടി കണക്കിലെടുത്താണ് തടഞ്ഞതെന്നും എസ് പി അറിയിച്ചു. സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും സന്ദേശം നല്‍കാനാണ് രാഹുല്‍ മണിപ്പൂരിലെത്തിയതെന്ന് കോണ്‍ഗ്രസ് വിശദീകരിക്കുമ്പോൾ, രാഹുല്‍ സമാധാനത്തിന്‍റെ മിശിഹയല്ലെന്നും രാഷ്ട്രീയ അവസരവാദിയാണെന്നും ബിജെപി കുറ്റപ്പെടുത്തി.