KeralaNEWS

സൈക്കിളിൽ തുടക്കം; ബ്രാഹ്മിൻസ് സ്ഥാപകൻ വിഷ്ണു നമ്ബൂതിരി ഓർമ്മയാകുമ്പോൾ

36 വര്‍ഷം മുൻപ്  ഒരു സൈക്കിളുമായി തൊടുപുഴയില്‍ കറിപൗഡറുകള്‍ വിറ്റുനടന്ന വി.വിഷ്ണു നമ്ബൂതിരിയെന്ന ചെറുപ്പക്കാരൻ പിന്നീട് കേരളത്തിന്റെ രൂചിക്കൂട്ടുകളുടെ ഭാഗധേയം തന്നെ നിര്‍ണയിച്ചു എന്നത് അതിശയോക്തിയില്ല.രൂചികളുടെ ലോകത്തുനിന്ന് വിടപറയുമ്ബോള്‍ അദ്ദേഹം കെട്ടിപ്പൊക്കിയ ബ്രാഹ്മിൻസ് എന്ന ബ്രാൻഡിന്റെ ഗന്ധവും രുചിയും കടലും കടന്ന് ലോകമാകെ പേരെടുത്തു കഴിഞ്ഞിരുന്നു.
1987-ല്‍ രണ്ട് വനിതാ തൊഴിലാളികളുമായി തൊടുപുഴ മണക്കാട്ടെ വീടിനോടുചേര്‍ന്ന് സ്ഥാപിച്ച ചെറിയ കറി പൗഡര്‍ നിര്‍മാണ യൂണിറ്റിലൂടെയായിരുന്നു തുടക്കം. പൊടിച്ച്‌ പായ്ക്കുചെയ്ത് കറിപൗഡറുകള്‍ സൈക്കിളില്‍ കടകളിലെത്തിച്ച്‌ പ്രോഡക്ടിന്റെ ആദ്യ വിതരണക്കാരനുമായി അദ്ദേഹം. പിന്നെയത് സ്കൂട്ടറായി, മിനിവാനായി, ട്രക്കുകളായി. ഇന്ന് ആ പെരുമ വിമാനവുമേറി.

കറിപൗഡറിനു പിന്നാലെ അച്ചാറും വിവിധതരം പൊടികളും ബ്രേക്ക്ഫാസ്റ്റ് ഉത്പന്നങ്ങളും ധാന്യങ്ങളും ബ്രാഹ്മിൻസ് വിപണിയിലെത്തിച്ചു. അപ്പോഴും ഗുണനിലവാരത്തില്‍ മാറ്റമുണ്ടാകാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.

 

Signature-ad

തൊഴിലാളികളോടും സ്വന്തം കുടുംബാംഗങ്ങളെന്ന പോലെയായിരുന്നു ഇടപെട്ടിരുന്നത്. ബ്രാഹ്മിൻസിന്റെ വളര്‍ച്ചയുടെ പടവുകളെല്ലാം സ്ഥാപനത്തിന്റെ, തൊടുപുഴയാറിന്റെ കരയിലുള്ള ഓഫീസിലെ ചുമരുകളില്‍നിന്ന് വായിച്ചും കണ്ടുമറിയാം. ഓരോ വര്‍ഷവും 9300 ടണ്‍ ഭക്ഷ്യോത്പന്നങ്ങളാണ് ബ്രാഹ്മിൻസ് വിപണിയിലെത്തിക്കുന്നത്. നെല്ലാട് കിൻഫ്ര ഇൻഡസ്ട്രിയല്‍ പാര്‍ക്കിലും പൈങ്ങോട്ടൂരിലും ബ്രാഹ്മിൻസിന്റെ അത്യാധുനിക യന്ത്രസംവിധാനങ്ങളോടുകൂടിയ നിര്‍മാണ യൂണിറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയ ബ്രാഹ്മിൻസിനെ മക്കളായ ശ്രീനാഥ് വിഷ്ണുവിനെയും സത്യ വിഷ്ണുവിനെയും  സാരഥ്യമേല്‍പ്പിച്ചാണ് രുചിക്കൂട്ടുകളില്ലാത്ത ലോകത്തിലേക്കുള്ള അദ്ദേഹത്തിന്റെ മടക്കം.
ചൊവ്വാഴ്ച രാത്രി 10 ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Back to top button
error: