കേരളത്തിലെ ഗ്രാമങ്ങളുടെ ഭംഗി ക്യാൻവാസിലാക്കാൻ പറ്റുമോ? ആലപ്പുഴയുടെയും കുട്ടനാടിന്റെയും കാഴ്ചകളും കണ്ണൂരിന്റെ മലയോരങ്ങളും പാലക്കാടിന്റെ ഗ്രാമങ്ങളും അവിടുത്തെ ജീവിതങ്ങളും ജീവൻ തുടിക്കുന്ന ചിത്രമാക്കുവാൻ പറ്റുന്ന കുട്ടി ചിത്രകാരനാണോ?
എങ്കിൽ കൂട്ടിക്കൂട്ടുകാരെ, നിങ്ങളെ കാത്തിരിക്കുന്നത് കിടിലൻ സമ്മാനങ്ങളാണ്. കേരളാ ടൂറിസത്തിന്റെ ഇന്റർനാഷണൽ ചിൽഡ്രൻസ് പെയിന്റിംഗ് മൂന്നാം സീസൺ മത്സരത്തിലേക്ക് ഇപ്പോൾ എൻട്രികൾ ക്ഷണിച്ചിരിക്കുകയാണ്.
ആദ്യ രണ്ടു എഡിഷനുകൾക്കും ലഭിച്ച വലിയ സ്വീകരണത്തിനു ശേഷം സംഘടിപ്പിക്കുന്ന ഈ മത്സരത്തിനും വലിയ പങ്കാളിത്തമാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്. മുൻവർഷങ്ങളിലേക്കാൾ ആവേശത്തോടെയുള്ള ഈ മത്സരത്തിൽ നാല് വയസ്സിനും 16 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുത്ത് ഓൺലൈൻ ആയി എൻട്രികൾ സമർപ്പിക്കാം.
കേരളത്തിലെ ഗ്രാമീണ ജീവിതം -എന്ന വിഷയത്തിലാണ് മത്സരം. സെപ്റ്റംബർ 30 വരെയാണ് കുട്ടികളുടെ ചിത്രങ്ങൾ സമർപ്പിക്കുവാനുള്ള അവസാന തീയതി.ലോകത്തിന്റെ ഏതുഭാഗത്തുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാം.
ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും കേരളത്തിലേക്ക് കുടുംബമൊത്തുള്ള വിനോദയാത്ര ഉൾപ്പെടെ 101 കിടിലൻ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.മത്സരത്തെക് കുറിച്ചറിയാനും കൂടുതൽ വിവരങ്ങൾക്കും [email protected] എന്ന ഇ മെയിൽ വിലാസത്തിലോ 91 70129 93589 എന്ന നമ്പറിലോ ബന്ധപ്പെടാം.