ചെക്ക്‌പോസ്റ്റിന് സമീപത്തെ ക്ഷേത്രത്തിലെ ഓവുചാലില്‍ പോലും കൈക്കൂലി പണം സൂക്ഷിച്ചിരുന്നു.ഗോവിന്ദാപുരം ചെക്പോസ്റ്റിൽ പരിശോധന സമയത്ത് ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ, അഞ്ചുമാസം മുൻപ് വാളയാര്‍ ഇൻ ചെക്‌പോസ്റ്റില്‍ പരിശോധന നടന്നപ്പോഴും അവിടെ ജോലിയിലുണ്ടായിരുന്നു. അന്നും ഈ ഉദ്യോഗസ്ഥനെതിരെ നടപടിക്ക് വിജിലൻസ് ശുപാര്‍ശ ചെയ്‌തെങ്കിലും, അടുത്ത ചെക്‌പോസ്റ്റിലേക്ക് മാറ്റിക്കൊണ്ടുള്ള ‘ശിക്ഷണനടപടി’ മാത്രമാണ് അധികൃതര്‍ കൈക്കൊണ്ടത്.
തമിഴ്നാടുമായി നീളൻ അതിര്‍ത്തി പങ്കിടുന്ന പാലക്കാട് ജില്ലയില്‍ ആറ് പ്രധാനവഴികളില്‍ ആര്‍.ടി.ഒ ചെക്‌പോസ്റ്റുകളുണ്ട്.ഇതിനു പുറമേ, എക്‌സൈസ്, മൃഗസംരക്ഷണവകുപ്പ് ചെക്‌പോസ്റ്റുകളും ഇവിടെയുണ്ട്. പതിനായിരത്തിനടുത്ത് വാഹനങ്ങള്‍ പ്രതിദിനം അതിര്‍ത്തി കടക്കുന്നുണ്ടെന്നാണ് കണക്ക്.രേഖകളില്ലെങ്കിലും ഡ്രൈവര്‍മാരില്‍നിന്ന് കൈക്കൂലി വാങ്ങി വാഹനങ്ങളെ കടത്തിവിടുന്നതാണ് രീതി.
ലോട്ടറി വില്‍പനക്കാരെന്ന പേരില്‍ ചെക്ക് പോസ്റ്റ്കള്‍ക്ക് സമീപം കറങ്ങുന്ന ചിലരാണ് ഉദ്യോഗസ്ഥര്‍ വാങ്ങുന്ന കൈക്കൂലി തുക സൂക്ഷിച്ച് വയ്ക്കുന്നത്. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടക്കുന്ന വാഹനങ്ങളില്‍ നിന്നാണ് ഇവര്‍ പ്രധാനമായും കൈക്കൂലി ഈടാക്കുന്നത്. വിനോദ സഞ്ചാര വാഹനങ്ങള്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍, ചരക്ക് ലോറികള്‍, കന്നുകാലി കയറ്റിവരുന്ന ലോറികള്‍ എന്നിവയില്‍ നിന്നാണ് ഗോവിന്ദാപുരം, മീനാക്ഷിപുരം, നടുപുണി ചെക്ക്‌പോസ്റ്റുകളില്‍ മേട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നത്.
പണം പരിസരങ്ങളിലെ ലോട്ടറി വില്‍പനക്കാരെന്ന പേരില്‍ നില്‍ക്കുന്നവരുടെ കൈകളില്‍ ഏല്‍പ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ പറയുക.ഡ്രൈവര്‍മാര്‍ അല്ലെങ്കില്‍ ക്ലീനര്‍മാര്‍ നല്‍കുന്ന തുക ലോട്ടറിക്കാരില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞു പോകുന്ന ഉദ്യോഗസ്ഥര്‍ കൈപ്പറ്റും. കൈക്കൂലി പണത്തിന്റെ പത്ത് ശതമാനം ഇവര്‍ക്ക് പാരിതോഷികമായി ഉദ്യോഗസ്ഥര്‍ നല്‍കും.കൈക്കൂലി നേരിട്ട് വാങ്ങുന്നതിന് തെളിവില്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും സാധിക്കുന്നില്ല. കണ്ടെത്തിയാല്‍ത്തന്നെ ഹ്രസ്വകാല സസ്‌പെൻഷനപ്പുറം നടപടിയുണ്ടാവുന്നില്ല. സ്ഥലംമാറ്റമാണ് ഏറ്റവും വലിയ ശിക്ഷ.
അമിതഭാരത്തിന്റെയും പെര്‍മിറ്റുകളുടെയും കാര്യമാണ് ആര്‍.ടി.ഒ. ചെക്‌പോസ്റ്റുകളില്‍ പരിശോധിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നു അനധികൃതമായി ധാരാളം ക്വാറി ഉത്പന്നങ്ങളും മണ്ണും കേരളത്തിലേക്ക് വരുന്നതായി പരാതിയുയര്‍ന്നിരുന്നു. ആര്‍.ടി.ഒ എൻഫോഴ്സ്‌മെന്റ് വിഭാഗം ഇടയ്ക്ക് പിടികൂടുന്നതൊഴികെ, വാഹനങ്ങള്‍ക്ക് വഴി ‘സുഗമമാക്കി’ കൊടുക്കുന്ന ചെക്‌പോസ്റ്റ് ഉദ്യോഗസ്ഥരെ പിടികൂടാത്തതും നടപടിയെടുക്കാത്തതും അഴിമതി നിര്‍ബാധം തുടരാൻ കാരണമാവുന്നു.
പാലക്കാടിന്റെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ പത്തുവര്‍ഷത്തോളം വാണിജ്യനികുതി വകുപ്പ് നടപ്പാക്കിയ ‘അഴിമതിരഹിത വാളയാര്‍’ പദ്ധതിയില്‍ മറ്റു വകുപ്പുകളുടെ ചെക്‌പോസ്റ്റുകളൊന്നും ഉള്‍പ്പെട്ടിരുന്നില്ല. ജി.എസ്.ടി വന്നതോടെ നികുതി ചെക്‌പോസ്റ്റുകള്‍ ഇല്ലാതായിടത്ത് വകുപ്പിന്റെ നിരീക്ഷണസംഘങ്ങള്‍ നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞവര്‍ഷം നടന്ന ജി.എസ്.ടി. പുനഃസംഘടനയില്‍ ഈ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനവും നിറുത്തി. അനധികൃത ചരക്കുകടത്തിന് അതിര്‍ത്തികള്‍ തുറന്നുകിടക്കുന്ന അവസ്ഥയാണിപ്പോള്‍.
മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ സ്വപ്ന പദ്ധതിയായിരുന്നു അഴിമതി രഹിത വാളയാര്‍ . എന്നാല്‍, ഇത് ഒരിക്കലും നടക്കാത്ത സ്വപ്നമായി അവശേഷിക്കുന്നു. വാളയാറില്‍ ഇപ്പോഴും കോടികളാണ് കൈക്കൂലി ഇനത്തില്‍ ഉദ്യോഗസ്ഥര്‍ പോക്കറ്റിലാക്കുന്നത്.ഇവിടെ നിന്നുള്ള ഒരുദിവസത്തെ ശരാശരി സര്‍ക്കാര്‍ വരുമാനം രേഖകളനുസരിച്ച് 2,50,000 രൂപയാണ്. അതേസമയം കൈക്കൂലി ഇനത്തില്‍ മാത്രം 1,70,000 രൂപ ഏജന്റിനെ ഏല്പിച്ചത് വിജിലൻസ് സംഘം കൈയോടെ പിടികൂടിയ ചരിത്രം വാളയാറിനുണ്ട്.
അഴിമതി നിര്‍മ്മാര്‍ജനത്തിന് സര്‍ക്കാര്‍ വടിയെടുക്കുമ്ബോഴും സംസ്ഥാനാതിര്‍ത്തികളിലെ ചെക്ക് പോസ്റ്റുകള്‍ കൈക്കൂലിയുടെ അക്ഷയഖനികളായി തുടരുകയാണെന്നതാണ് വാസ്തവം!