KeralaNEWS

പി ശശിയുടെയും ഡിവൈഎസ്പി റസ്‌തോയുടെയും കുബുദ്ധിയിലുദിച്ചതാണ് തനിക്കെതിരായ വ്യാജ ആരോപണം, എം.വി. ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കും: കെ. സുധാകരന്‍

തിരുവനന്തപുരം: തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. എം വി ഗോവിന്ദനെ അങ്ങനെയങ്ങ് വിടില്ല. ഇതുപോലുള്ള തെമ്മാടിത്തങ്ങൾക്കും തോന്ന്യാസങ്ങൾക്കും അറുതിവരുത്താനാണ് നിയമം. അത് ഉപയോഗപ്പെടുത്തിയില്ലെങ്കിൽ താനൊരു പൗരനല്ലല്ലോ. എ വി ഗോവിന്ദനെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും ഗോവിന്ദനെക്കൊണ്ട് മറുപടി പറയിക്കുമെന്നും സുധാകരൻ കണ്ണൂർ ഡി സി സി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പി ശശിയുടെയും ഡി വൈ എസ് പി റസ്‌തോയുടെയും കുബുദ്ധിയിലുദിച്ചതാണ് തനിക്കെതിരായ വ്യാജ ആരോപണമെന്നും അതിന് സി പി എമ്മിന്റെ സഹായം ലഭിച്ചെന്നും സുധാകരൻ ആരോപിച്ചു.

സുധാകരൻറെ വാക്കുകൾ

Signature-ad

ഒരു രാഷ്ട്രീയ നേതാവ് നടത്താൻ പാടില്ലാത്ത തരംതാണ പ്രസ്താവനയാണ് എം വി ഗോവിന്ദൻ നടത്തിയത്. മനുഷ്യത്വവും സംസ്‌കാരവുമുള്ള ഏതെങ്കിലും നേതാക്കൾ സി പി എമ്മിൽ ഉണ്ടെങ്കിൽ പാർട്ടിക്ക് അകത്ത് പ്രതികരിക്കണം. നിരപരാധിയായ തന്നെ കുരുക്കാൻ ശ്രമിച്ചാൽ കാലവും ദൈവവും മറുപടി കൊടുക്കും. ഗോവിന്ദനെ മഷെന്നു വിളിക്കാൻ ലജ്ജ തോന്നുന്നു. ഒരു അധ്യാപകന്റെ നിലവാരം അദ്ദേഹം പുലർത്തിയില്ല. പന്തുതട്ടുന്ന കായിക അധ്യാപകനായതിനാലാണ് വസ്തുതകൾ അറിയാതെ പോയത്. പുരാവസ്തു കേസിലെ പരാതിക്കാരുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഈ ചെറുപ്പക്കാർ എന്തിന് തന്നെ കേസിൽപ്പെടുത്താൻ ശ്രമിക്കുന്നത് എന്ന അന്വേഷണത്തിലായിരുന്നു. എന്നാൽ, ഇതിന് പിന്നിൽ സി പി എമ്മാണെന്ന് ഇപ്പോഴാണ് മനസിലായത്. ഒരു ഭരണകൂടം ഇതുപോലെ തരംതാണ, നെറികെട്ട പ്രവർത്തനം നടത്തുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. മനുഷ്യത്വമുള്ള രാഷ്ട്രീയനേതൃത്വത്തിന് ഇങ്ങനെ തോന്നുമോ? കെട്ടുകഥയുണ്ടാക്കി പൊതുപ്രവർത്തകനെ തകർക്കാൻ ശ്രമിക്കുന്ന ഭരണകൂടം നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന് അപമാനമാണ്.

മോൻസൺ മാവുങ്കലിന്റെടുത്തേക്ക് ചികിത്സയ്ക്ക് താൻ മാത്രമല്ല സിനിമാതാരങ്ങളും പൊലീസ് ഓഫീസർമാരും പോയിട്ടുണ്ട്. സിനിമാ നടൻ ദേവനെ അവിടെ കണ്ടിട്ടുണ്ട്. ഉന്നതരായ മറ്റു പലരെയും അവിടെ കണ്ടിട്ടുണ്ട്. നാട്ടുവൈദ്യങ്ങളിൽ വിശ്വസിക്കുന്നയാളാണ് താൻ. വയനാട്ടിലെ കേളുവൈദ്യർ ഉൾപ്പെടെയുള്ളവരുടെ ചികിത്സകൊണ്ടു തനിക്ക് ഏറെ ഗുണം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മോൻസന്റെയടുത്തു പോയത്. അയാൾ ചെയ്ത കാര്യങ്ങൾ നിയമത്തിന് മുൻപിൽ അതീവ ഗുരുതരമായ തെറ്റുകളാണ്. അതിനെയൊന്നും ന്യായീകരിക്കാൻ കഴിയില്ല.

പോക്സോ കേസിലെ അതിജീവിതയെ താൻ കണ്ടിട്ടില്ല. പെൺകുട്ടി തന്റെ സഹായം തേടിയിട്ടില്ല. കറുത്തിട്ടോ വെളുത്തിട്ടോയാണോ ആ കുട്ടിയെന്ന് പോലും അറിയില്ല. അതിജീവിതയുടെ ബന്ധുവിനെക്കൊണ്ട് പേര് പറയിക്കാൻ ശ്രമം നടക്കുന്നുണ്ട്. തന്റെ പേര് പറയാൻ പലരിലും സമ്മർദ്ദം ചെലുത്തുന്നുണ്ട്. താൻ അവിടെ പോയപ്പോൾ മറ്റു ചിലരും അവിടെയുണ്ടായിരുന്നു. അവരാണ് തന്നെ കുടുക്കാൻ പ്രവർത്തിച്ചത്. അതിന്റെ തെളിവ് ഉടനേ പുറത്തുവരും. സംസ്ഥാന സർക്കാർ ശ്രേഷ്ഠ പുരസ്‌കാരം കൊടുത്ത മോൻസനെ താനെന്തിനാണ് മറ്റൊരു കണ്ണുകൊണ്ട് കാണേണ്ടത്. മോൻസന് കുറ്റബോധം ഉണ്ട്. താൻ വിവാദത്തിൽപ്പെട്ടതിനെ തുടർന്ന് തന്നോട് ഫോണിലും ആളെ അയച്ചും ക്ഷമ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അന്ന് നിയമ നടപടി സ്വീകരിക്കാത്തത്.

ഈ കേസിൽ തന്റെ പേര് ഉൾപ്പെടുത്താനുള്ള ഗൂഢാലോചന നടക്കുന്നു. റസ്തോ എന്ന ഡി വൈ എസ് പി ഭയപ്പെടുത്തിയാണ് മോൻസന്റെ സഹായികളെക്കൊണ്ട് തനിക്കെതിരെ മൊഴിനൽകിച്ചത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി പി ശശിയുടെ നിർദ്ദേശം അനുസരിച്ചാണ് ഈ കേസ് ഇത്തരത്തിൽ രൂപപ്പെടുത്തിയത്. സി പി എം അനുഭാവിയാണ് ഈ ഡി വൈ എസ് പി. അദ്ദേഹത്തിന്റെ പിൻകാല ചരിത്രം പരിശോധിച്ചാൽ സി പി എമ്മിന്റെ കളിപ്പാവയാണെന്ന സത്യം മനസിലാകും. ഇദ്ദേഹത്തിന് മുൻപ് ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് സത്യാവസ്ഥ മനസിലായത് കൊണ്ടാണ് ഇത്തരമൊരു കേസ് രജിസ്റ്റർ ചെയ്യാഞ്ഞത്. എന്നാൽ സി പി എം വിധേയത്വം കാട്ടുന്ന റസ്‌തോ രഹസ്യമൊഴിയുടെ പേരിൽ തന്നെ കുടുക്കാനുള്ള നീക്കം നടത്തി കേസിന്റെ ഗതിതിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. പി ശശിയുടെയും ഡി വൈ എസ് പി റസ്‌തോയുടെയും കുബുദ്ധിയിലുദിച്ചതാണ് തനിക്കെതിരായ വ്യാജആരോപണം. അതിന് സി പി എമ്മിന്റെ സഹായം ലഭിച്ചിട്ടുണ്ട്.

കേസിലെ പരാതിക്കാരനായ യാക്കൂബ് പുറായിലിന്റെ സഹോദരൻ സിദിഖ് പുറായിൽ കെ സുധാകരന് ഈ കേസിൽ ഒരു ബന്ധവുമില്ലെന്ന് വാർത്താസമ്മേളനം നടത്തി വ്യക്തമാക്കി. പോസ്‌കോ കേസ് നടത്തിയ വക്കീൽ പറഞ്ഞിട്ടുണ്ട് ഈ കേസിൽ സുധാകരന്റെ പേര് പരാമർശിച്ചിട്ടില്ലെന്ന്. ക്രൈം ബ്രാഞ്ച് പോലും എം വി ഗോവിന്ദന്റെ ആരോപണം തള്ളിക്കളഞ്ഞിട്ടുണ്ട്. തട്ടിപ്പ് കേസിൽ തന്റെ പേര് പറയാൻ ഡി വൈ എസ് പി ഭീഷണിപ്പെടുത്തിയതായി മോൻസൻ മാവുങ്കൽ വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കിയപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. അനൂപിൽ നിന്ന് പണം വാങ്ങിയത് സുധാകരന് കൊടുക്കാനാണെന്ന് പറയണമെന്ന് ഡി വൈ എസ് പി നിർബന്ധിപ്പിച്ചെന്നും അല്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഈ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായും മാവുങ്കൽ പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

Back to top button
error: