ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു ലോട്ടറി അടിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടായിരിക്കുകയില്ല. തുടര്‍ച്ചയായി ആ ഭാഗ്യം തേടുന്ന ഭാഗ്യാന്വേഷികളും കുറവല്ല. അത്തരത്തില്‍ കഴിഞ്ഞ 10 വര്‍ഷക്കാലമായി തുടര്‍ച്ചയായി ലോട്ടറി എടുക്കുകയാണ് അമേരിക്കന്‍ സ്വദേശിയായ ഒരു മനുഷ്യന്‍. ഒടുവില്‍ അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയിരിക്കുന്നു.
കഴിഞ്ഞദിവസം നടന്ന ബോണസ് മാച്ച് 5 ഡ്രോയിംഗില്‍ ആണ് ഇദ്ദേഹത്തിന് 50,000 ഡോളര്‍ ലഭിച്ചത്. ഏകദേശം 41 ലക്ഷം ഇന്ത്യന്‍ രൂപ വരും ഇത്. ഇദ്ദേഹത്തിന്റെ വിജയത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്, കഴിഞ്ഞ 10 വര്‍ഷക്കാലമായി ഇദ്ദേഹം ലോട്ടറി എടുത്തത് മുഴുവന്‍ ഒരേ നമ്പറിലുള്ള ലോട്ടറികളാണ്. എപ്പോഴെങ്കിലും താന്‍ തിരഞ്ഞെടുത്ത ഈ നമ്പര്‍ ഭാഗ്യ നമ്പര്‍ ആകുമെന്ന പ്രതീക്ഷയിലായിരുന്നു ഇദ്ദേഹം. ഒടുവില്‍ അത് സംഭവിക്കുകയും ചെയ്തു. ലോട്ടറിയില്‍ സമ്മാനം നേടാന്‍ തന്നെ സഹായിച്ച മാര്‍ഗം ഇതാണെന്നാണ് ഈ വിജയി പറയുന്നത്.
മേയ് 28 -ലെ ബോണസ് മാച്ച് 5 ഡ്രോയിംഗിനായി ആറ് വരി നമ്പറുകള്‍ അടങ്ങിയ 4 ഡോളറിന്റെ ടിക്കറ്റ് ആയിരുന്നു താന്‍ വാങ്ങിയത് എന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്. ടെമ്പിള്‍ ഹില്‍സിലെ ഐവര്‍സണ്‍ സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന മോഡേണ്‍ ലിക്വര്‍സില്‍ നിന്നാണ് ഇയാള്‍ ടിക്കറ്റ് വാങ്ങിയത്. ഇദ്ദേഹം എടുത്ത മറ്റൊരു ലോട്ടറിക്ക് 15 ഡോളര്‍ സമ്മാനമായും ലഭിച്ചു. 1300 രൂപയോളം വരും ഇത്. സമ്മാനത്തുക ഉപയോഗിച്ച് തന്റെ കടബാധ്യതകള്‍ തീര്‍ക്കാനും ശേഷിക്കുന്ന തുക സമ്പാദ്യമായി സൂക്ഷിക്കാനുമാണ് താനാഗ്രഹിക്കുന്നതെന്നും ഇദ്ദേഹം വെളിപ്പെടുത്തി. ഇനിയും ലോട്ടറി ടിക്കറ്റ് എടുക്കുന്നത് തുടരുമെന്നും വീണ്ടും ഭാഗ്യം തന്നെ തേടിയെത്തുമെന്നുമാണ് പ്രതീക്ഷയെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഈ ഭാഗ്യവാന്‍ മാധ്യമങ്ങളോട് പറഞ്ഞു.