ചരിത്രപ്രാധാന്യമുള്ള കിഴക്കൻ ഗോപുരത്തിന്റെ പുനരുദ്ധാരണവും, ക്ഷേത്ര ആനകൾക്കായി മാനുഷികവും ആധുനികവുമായ പരിപാലന പദ്ധതികൾക്കും പിന്തുണ!! ഗുരുവായൂർ, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രങ്ങൾ സന്ദർശിച്ച് അനന്ത് അംബാനി, സംഭാവനയായി 18 കോടി രൂപ

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അനന്ത് അംബാനി കേരളത്തിലെ ക്ഷേത്രങ്ങളായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും ഗുരുവായൂർ ക്ഷേത്രവും സന്ദർശിച്ചു. രണ്ട് ക്ഷേത്രങ്ങൾക്കും 3 കോടി വീതം സംഭാവന നൽകുകയും, രാജരാജേശ്വര ക്ഷേത്രത്തിന്റെ സമഗ്ര നവീകരണത്തിനായി 12 കോടി വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതിൽ ചരിത്രപ്രാധാന്യമുള്ള കിഴക്കൻ ഗോപുരത്തിന്റെ പുനരുദ്ധാരണവും ഉൾപ്പെടുന്നു. കൂടാതെ, ഗുരുവായൂരിലെ ആനക്ഷേമ പ്രവർത്തനങ്ങൾക്കായി അധിക പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു.
ഏപ്രിൽ രണ്ടിന് തളിപ്പറമ്പിലെ ചരിത്രപ്രാധാന്യമുള്ള രാജരാജേശ്വര ക്ഷേത്രത്തിൽ എത്തിയ അനന്ത് അംബാനി, പൊന്നുംകുടം, പട്ടം, താലി, നെയ്യമൃത് തുടങ്ങിയ പരമ്പരാഗത വഴിപാടുകൾ സമർപ്പിക്കുകയും അശ്വമേധ നമസ്കാരം നിർവഹിക്കുകയും ചെയ്തു. ക്ഷേത്ര നവീകരണത്തിനായി 3 കോടി രൂപയുടെ ചെക്കും അദ്ദേഹം കൈമാറി.
12 കോടിയുടെ സമഗ്ര നവീകരണത്തിന്റെ ഭാഗമായി, ക്ഷേത്രത്തിന്റെയത്ര തന്നെ പുരാതനമെന്നു കരുതപ്പെടുന്ന, ശില്പശൈലിയും പുരാവസ്തു പ്രാധാന്യവും നിറഞ്ഞ കിഴക്കൻ ഗോപുരത്തിന്റെ പുനരുദ്ധാരണത്തിനും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. രണ്ട് നൂറ്റാണ്ടിലേറെയായി കേടുപാടുകളോടെ നിലനിന്നിരുന്ന ഈ ഗോപുരത്തിന്റെ പുനരുദ്ധാരണ പ്രഖ്യാപനം ഭക്തർക്കും ക്ഷേത്ര അധികാരികൾക്കും ഏറെ സന്തോഷം നൽകിയ ഒരു മുഹൂർത്തമായി.
ഭക്തർക്കുള്ള സമഗ്ര അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഈ തുകയിൽ നിന്ന് ഒരു ഭാഗം പാർക്കിംഗ് സൗകര്യങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനും വിനിയോഗിക്കും, അനന്ത് അംബാനിയോടൊപ്പം അടുത്ത സഹപ്രവർത്തകരും ഉണ്ടായിരുന്നു. ക്ഷേത്ര അധികാരികൾ അദ്ദേഹത്തെ പരമ്പരാഗത ബഹുമതികളോടെ സ്വീകരിച്ചു. ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി. പി. വിനോദ് കുമാർ, എക്സിക്യൂട്ടീവ് ഓഫീസർ കെ. പി. വിനയൻ, മുഖ്യ തന്ത്രി ഇ. പി. കുബേരൻ നമ്പൂതിരി, ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അതേ ദിവസം വൈകുന്നേരം ഏകദേശം 5 മണിയോടെയാണ് അനന്ത് അംബാനി ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചത്. ക്ഷേത്ര ട്രസ്റ്റിന് 3 കോടി സംഭാവനയായി നൽകുകയും ചെയ്തു. വൻതാര (Vantara) മുഖേന മൃഗസംരക്ഷണത്തിലും പരിപാലനത്തിലും ഉള്ള തന്റെ ദീർഘകാല പ്രതിബദ്ധതയുടെ ഭാഗമായി, ഗുരുവായൂരിലെ ക്ഷേത്ര ആനകളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾക്കും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. ഇതിൽ പ്രത്യേക ആനയാശുപത്രി നിർമ്മാണം, ചങ്ങലകളില്ലാത്ത അഭയകേന്ദ്രം, കൂടാതെ ആനകൾക്ക് മാനുഷികവും മാന്യതയുള്ളതുമായ ശാസ്ത്രീയ പരിപാലനം ഉറപ്പാക്കുന്ന ആധുനിക സൗകര്യങ്ങൾ വികസിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നു.
ഗുരുവായൂരിൽ, ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഉൾപ്പെടെയുള്ള ക്ഷേത്ര അധികാരികൾ അദ്ദേഹത്തെ സ്വീകരിച്ചു. പരമ്പരാഗത സ്മരണികകളും പ്രസാദവും നൽകി ആദരിച്ചു. ദേവസ്വം വകുപ്പിന്റെയും ജീവധന വിഭാഗത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ സന്നിഹിതരായിരുന്നു. “ഇന്ത്യയുടെ ആത്മീയ പാരമ്പര്യം വെറും ആരാധനാലയങ്ങൾ മാത്രമല്ല — വിശ്വാസവും സമൂഹബന്ധവും കരുണയും പ്രകൃതിയോടുള്ള ആഴത്തിലുള്ള ബന്ധവും വളർത്തുന്ന ജീവിക്കുന്ന സ്ഥാപനങ്ങളാണ് അവ. ഈ വിശുദ്ധ പൈതൃകം ഭാവി തലമുറകൾക്കായി സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണ്. ഈ പ്രവർത്തനങ്ങളിലൂടെയും വൻതാര യിലെ പ്രവർത്തനങ്ങളിലൂടെയും, ഭക്തരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമായ മൃഗങ്ങൾക്കും പരമാവധി മാന്യതയും കരുണയും ശാസ്ത്രീയ പരിചരണവും ഉറപ്പാക്കാൻ ഞങ്ങൾ വിനീതമായി സേവനം ചെയ്യാൻ ആഗ്രഹിക്കുന്നു- അനന്ത് അംബാനി പറഞ്ഞു






