യുഎസ് തീവ്രവാദ സൈന്യം റെഡ് ലൈനുകൾ ലംഘിച്ചാൽ, ഇറാന്റെ പ്രതികരണം മാറും!! അമേരിക്കയുടെയും സഖ്യകക്ഷികളുടേയും എണ്ണയും വാതക ശേഖരവും വർഷങ്ങളോളം ഇല്ലാതാക്കി കളയും, സൗകര്യങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് ഞങ്ങൾ മറുപടി നൽകുമ്പോൾ പരിധികൾവെക്കില്ല- ഇറാൻ

ടെഹ്റാൻ: ഇറാന്റെ റെഡ് ലൈനുകൾ ലംഘിച്ചാൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ആഞ്ഞടിക്കും, അവരുടെ എണ്ണ, വാതക ശേഖരം വർഷങ്ങളോളം ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുമായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർ (ഐആർജിസി). ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് ട്രംപിന്റെ ഭീഷണിക്ക് മറുഭീഷണിയുമായി ഇറാനെത്തിയത്. ഇതിനിടെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് യുഎസ് കനത്ത ആക്രണം നടത്തിയതായി ഇറാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘യുഎസ് തീവ്രവാദ സൈന്യം’ റെഡ് ലൈനുകൾ ലംഘിച്ചാൽ, ഇറാന്റെ പ്രതികരണം മേഖലയ്ക്ക് പുറത്തേക്ക് വ്യാപിക്കും. ഞങ്ങൾ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയിട്ടില്ല, ഇനിയും നടത്തില്ല. എന്നിരുന്നാലും, ഇറാനിലെ സാധാരണ പൗരന്മാരുടെ സൗകര്യങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് പ്രതികരിക്കാൻ മടിക്കില്ല- ഇറാൻ സൈനിക വിഭാഗം പ്രതികരിച്ചു.
‘അമേരിക്കയുടെയും അതിന്റെ പങ്കാളികളുടെയും അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ഞങ്ങൾ നടപടിയെടുക്കും, ഇത് അമേരിക്കയെയും അതിന്റെ സഖ്യകക്ഷികളെയും വർഷങ്ങളോളം മേഖലയിലെ എണ്ണ, വാതക വിതരണത്തിൽ നിന്ന് നിഷ്കരുണം പുറന്തള്ളും’ പ്രസ്താവനയിൽ ഐആർജിസി പറയുന്നു.
അതുപോലെ അയൽ രാജ്യങ്ങളോടുള്ള സൗഹാർദ്ദം മുൻനിർത്തിക്കൊണ്ടുതന്നെ ഇറാൻ ഇതുവരെ കാര്യമായ സംയമനം പാലിച്ചിട്ടുണ്ട്. പ്രതികാര ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വിവിധ ഘടകങ്ങൾ പരിഗണിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ അത്തരം പരിഗണനകളെല്ലാം നീക്കം ചെയ്തിട്ടുണ്ടെന്നും യുഎസിന്റെ പ്രാദേശിക പങ്കാളികളെ അറിയിക്കുന്നതായും ഐആർജിസി കൂട്ടിച്ചേർത്തു.






