‘ഇന്ന് രാത്രി മുഴുവൻ നാഗരികതയും മരിക്കും, 47 വർഷമായി തുടരുന്ന ഭീഷണി, അഴിമതി, മരണങ്ങൾ എന്നിവയ്ക്ക് ഇതോടെ അവസാനം വരും’… ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ: ഇറാന് നൽകിയ അന്ത്യശാസനം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് കടുത്ത മുന്നറിയിപ്പുമായി രംഗത്ത്. “ഇന്ന് രാത്രി ഒരു മുഴുവൻ സിവിലൈസേഷൻ തന്നെ ഇല്ലാതാകാൻ സാധ്യതയുണ്ട്” എന്നാണ് സോഷ്യൽ പ്ലാറ്റ്ഫോമായ ട്രൂത്തിൽ കുറിച്ചത്. ഇന്ന് രാത്രി ലോകചരിത്രത്തിലെ ഏറ്റവും നിർണായക നിമിഷങ്ങളിൽ ഒന്നായിരിക്കും, 47 വർഷമായി തുടരുന്ന ഭീഷണി, അഴിമതി, മരണങ്ങൾ എന്നിവയ്ക്ക് ഇതോടെ അവസാനം വരുമെന്നും ട്രംപ് കുറിച്ചു.
ട്രൂത്ത് പോസ്റ്റിൽ ട്രംപ് കുറിച്ചതിങ്ങനെ- ഇന്ന് രാത്രി മുഴുവൻ നാഗരികതയും മരിക്കും, ഇനി ഒരിക്കലും തിരിച്ചുവരാൻ കഴിയില്ല. അത് സംഭവിക്കണമെന്ന് എനിക്ക് ആഗ്രഹമില്ല, പക്ഷേ അത് സംഭവിക്കും. എന്നിരുന്നാലും, ഇപ്പോൾ നമുക്ക് സമ്പൂർണ്ണവും സമ്പൂർണ്ണവുമായ ഭരണമാറ്റം ഉണ്ട്, അവിടെ വ്യത്യസ്തവും ബുദ്ധിപരവും കുറഞ്ഞതുമായ സമൂലമായ മനസ്സുകൾ നിലനിൽക്കുന്നു, ഒരുപക്ഷേ വിപ്ലവകരമായി അത്ഭുതകരമായ എന്തെങ്കിലും സംഭവിക്കാം, ആർക്കറിയാം? ലോകത്തിന്റെ ദീർഘവും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്ന് ഇന്ന് രാത്രി നമുക്ക് കണ്ടെത്താനാകും. 47 വർഷത്തെ കൊള്ള, അഴിമതി, മരണം എന്നിവ ഒടുവിൽ അവസാനിക്കും. ഇറാനിലെ മഹാന്മാരെ ദൈവം അനുഗ്രഹിക്കട്ടെ!
അതിനൊപ്പം, ഇറാൻ ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കാത്ത പക്ഷം ശക്തമായ സൈനിക നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി 8 മണി (EST) വരെ സമയം നിശ്ചയിച്ചിട്ടുണ്ടെന്നും, അതിന് ശേഷം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്താമെന്ന മുന്നറിയിപ്പും നൽകി. അതേസമയം യുദ്ധക്കുറ്റങ്ങൾ സംബന്ധിച്ച ആശങ്കകളെക്കുറിച്ച് പ്രതികരിച്ച ട്രംപ്, അതിനെക്കുറിച്ച് തനിക്ക് യാതൊരു ഭയവും ഇല്ല എന്നായിരുന്നു മറുപടി. ഈ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ഇതിനകം തന്നെ രൂക്ഷമായ സാഹചര്യത്തിലാണുള്ളത്. ട്രംപിന്റെ പുതിയ പ്രസ്താവനകൾ പശ്ചിമേഷ്യയിലെ സുരക്ഷാ അന്തരീക്ഷം കൂടുതൽ അസ്ഥിരമാക്കുമെന്ന വിലയിരുത്തലിലാണ് അന്താരാഷ്ട്ര സമൂഹം. സംഘർഷം നയതന്ത്രപരമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കേണ്ടതുണ്ടെന്ന ആവശ്യവും വിവിധ രാജ്യങ്ങൾ ഉയർത്തുന്നുണ്ട്.






