Breaking NewsLead NewsNEWSWorld

പാക്കിസ്ഥാനു കൊടുത്ത ഉറപ്പ് ഇറാൻ പിൻവലിച്ചു? മധ്യസ്ഥത പാളി!! ഖത്തറിൻ്റെ രണ്ട് എൽഎൻജി ടാങ്കറുകൾ ഹോർമൂസിൽ തടഞ്ഞു, ഇരു ടാങ്കറുകളും യുഎഇ തീരത്തോട് ചേർന്ന് നിർത്തിയ നിലയിൽ

ടെഹ്‌റാൻ: ഗൾഫ് മേഖലയിലെ യുദ്ധസമാന സാഹചര്യത്തിനിടെ നിർണ്ണായക നീക്കമായി ഇറാൻ്റെ എലൈറ്റ് സേനയായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് ഖത്തറിൻ്റെ രണ്ട് എൽഎൻജി ടാങ്കറുകൾ തടഞ്ഞതായി റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ ഹോർമുസ് കടലിടുക്ക് ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കപ്പലുകൾ അപ്രതീക്ഷിതമായി തടഞ്ഞത്.

റോയിറ്റേഴ്‌സ് റിപ്പോർട്ട് പ്രകാരം, കപ്പലുകൾ തടഞ്ഞതിൻ്റെ കാരണം ഇറാൻ ആയി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചനയനുസരിച്ച്, കഴിഞ്ഞ ആഴ്ച പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇറാൻ തമ്മിൽ നടന്ന ചർച്ചകളുടെ ഭാഗമായിരുന്നു രണ്ടു കപ്പലുകളും ഹോർമൂസ് വഴി യാത്ര തിരിച്ചത്. ഈ ധാരണ പ്രകാരം ഹോർമുസ് കടലിടുക്ക് വഴിയുള്ള എൽഎൻജി ഗതാഗതത്തിന് ഇറാൻ താൽക്കാലിക അനുമതി നൽകിയിരുന്നുവെന്നാണ് സൂചന.

Signature-ad

അതേസമയം, തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇരു ടാങ്കറുകളും യുണൈറ്റഡ് അറബ് എമിറേറ്റ്സ് തീരത്തോട് ചേർന്ന് നിർത്തിയ നിലയിലായിരുന്നു. കപ്പൽ ട്രാക്കിംഗ് ഡാറ്റ പ്രകാരം, ആ ഹോർമുസ് കടലിടുക്ക് കടക്കാൻ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും വ്യക്തമാകുന്നു. സുരക്ഷാ സാഹചര്യങ്ങൾ മോശമായതിനെ തുടർന്ന് കപ്പലുകൾ മുന്നോട്ട് നീങ്ങുന്നത് താത്കാലികമായി നിർത്തിയതാകാമെന്നാണ് വിലയിരുത്തൽ.

അതേസമയം ഫെബ്രുവരി 28 മുതൽ ആരംഭിച്ച അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷത്തിനുശേഷം ഹോർമുസ് കടലിടുക്കിലൂടെ എൽഎൻജി ചരക്ക് കടത്താൻ ശ്രമിച്ച ആദ്യ സംഭവമായിരുന്നു ഇത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട- വാതക ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ ഇത്തരമൊരു തടസ്സം ഉണ്ടായത് ആഗോള ഇന്ധന വിപണിയിൽ വലിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.

ഈ ജലപാതയിലൂടെ ലോകത്തെ മൂന്നിൽ ഒരു ഭാഗം ക്രൂഡ് ഓയിൽ ഗതാഗതം നടക്കുന്നതിനാൽ ഇവിടെ ഉണ്ടാകുന്ന ഏതൊരു അനിശ്ചിതത്വവും എണ്ണവിലകളിലും ഊർജ വിപണിയിലും വലിയ സ്വാധീനം ചെലുത്തും. പുതിയ സംഭവവികാസം പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതകൾ ഉയർത്തുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: