Breaking NewsLead NewsNEWSWorld

ഇറാന്റെ പുതിയ പരമോന്നത നേതാവ് ഖോമിൽ അബോധാവസ്ഥയിൽ ചികിത്സയിൽ!! ആരോഗ്യനില ഗുരുതരം, തീരുമാനങ്ങളെടുക്കാൻ പോലും കഴിയാത്ത സ്ഥിതി… യുഎസ്- ഇസ്രയേൽ ഇന്റലിജൻസ് റിപ്പോർട്ട്

ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനേയി അബോധാവസ്ഥയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ട്. ഇറാനിലെ പുണ്യനഗരമായ ഖോമിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും യുഎസ്- ഇസ്രയേൽ ഇന്റലിജൻസ് വിവരങ്ങളെ ഉദ്ധരിച്ച് ‘ദി ടൈംസ്’ റിപ്പോർട്ട് ചെയ്തു.

ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്താബ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ ഫെബ്രുവരി 28 ലെ ആക്രമണത്തിൽ ​ഗുരുതരമായി പരുക്കേറ്റെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് ഇറാൻ നിഷേധിക്കുകയായിരുന്നു.

Signature-ad

യുഎസ്- ഇസ്രയേൽ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സഖ്യകക്ഷികളുമായി പങ്കുവെച്ച ഒരു നയതന്ത്ര കുറിപ്പിലാണ് മൊജ്താബയുടെ ആരോഗ്യനിലയെക്കുറിച്ചും വിശദീകരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഗുരുതരാവസ്ഥയിൽ ചികിത്സയിലായതിനാൽ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തിട്ടും അദ്ദേഹത്തിന് തീരുമാനങ്ങളെടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.ഇറാനിലെ ഖോമിലാണ് മൊജ്താബ ഖമനേയി ചികിത്സയിൽ കഴിയുന്നതെന്നാണ് നയതന്ത്ര കുറിപ്പിൽ സൂചിപ്പിക്കുന്നത്.

അതേസമയം കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് അലി ഖമനേയിയുടെ സംസ്‌കാരത്തിനായുള്ള ഒരുക്കങ്ങളും ഇവിടെ പുരോഗമിക്കുന്നതായും നയതന്ത്ര കുറിപ്പിലുണ്ട്. ഖോമിൽ അലി ഖമനേയിക്കായി വലിയ ശവകുടീരമാണ് നിർമിക്കുന്നതെന്നാണ് കുറിപ്പിൽ പറയുന്നത്. ഇവിടെ ഒന്നിലധികം ശവകുടീരങ്ങൾ ഉണ്ടായേക്കാമെന്നും ഖമനേയി കുടുംബത്തിലെ കൂടുതൽ അംഗങ്ങളെയോ അല്ലെങ്കിൽ മൊജ്താബ മരിച്ചാൽ അദ്ദേഹത്തെയോ ഇവിടെ സംസ്‌കരിക്കാനാണ് നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നു. മൊജ്താബ ഖമനേയി എവിടെയുണ്ടെന്ന് സംബന്ധിച്ച് യുഎസ്- ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികൾക്ക് കുറച്ചുകാലമായി വിവരം ലഭിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: