വീടിനകത്ത് ഇത്രയും വലുപ്പമുള്ള പാമ്പിനെ കാണുകയെന്ന് വച്ചാല്‍ അത് സാധാരണമല്ല! കൂറ്റൻ പെരുമ്പാമ്പിന്റെ ഫോട്ടോ പങ്കുവച്ചതോടെ വൈറലായി…
കാടിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവരെ സംബന്ധിച്ച് അവർക്ക് വന്യ മൃഗങ്ങളിൽ നിന്നുള്ള ശല്യം ഒരു പതിവ് ഭീഷണിയായിരിക്കും. പറമ്പിലോ വീട്ടുപരിസരങ്ങളിലോ വീട്ടിനകത്ത് വരേക്കും മൃഗങ്ങൾ കയറിപ്പറ്റുകയും സ്വൈര്യജീവിതം തകർക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകാം. എത്ര ശീലമാണെന്ന് പറഞ്ഞാലും തീർച്ചയായും ഇത് വല്ലാത്തൊരു അവസ്ഥ തന്നെയാണെന്ന് പറയാതെ വയ്യ. പേടിച്ചും, ആശങ്കപ്പെട്ടും സ്വന്തം വീട്ടിൽ തന്നെ കഴിഞ്ഞുകൂടുന്ന അവസ്ഥ തീർത്തും പരിതാപകരം തന്നെയാണ്.
ഇപ്പോഴിതാ ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു ഫോട്ടോ ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ഓസ്ട്രേലിയയിലെ ക്വീൻസ്‍ലാൻഡിൽ ബീച്ചിന് അടുത്തുള്ളൊരു വീട്. ഇവിടെ താമസിക്കുന്ന ദമ്പതികൾ കഴിഞ്ഞ ദിവസം വീട്ടിനകത്ത് കണ്ടെത്തിയൊരു കൂറ്റൻ പെരുമ്പാമ്പ് ആണ് ഫോട്ടോയിലുള്ളത്. ഒരു വീടിനകത്ത് ഇത്രയും വലുപ്പമുള്ള പാമ്പിനെ കാണുകയെന്ന് വച്ചാൽ അത് സാധാരണമല്ല. കാഴ്ചയിൽ ഏറെ പേടിപ്പെടുത്തുന്ന രൂപമാണ് പാമ്പിനെങ്കിലും വലിയ അപകടകാരിയല്ലെന്നാണ് ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച പ്രൊഫഷണൽ സ്നേക്ക് കാച്ചറായ ( പാമ്പിനെ പ്രൊഫഷണലായി പിടിക്കുന്നവർ) ജെർമി എന്നയാൾ പറയുന്നത്.
രാത്രി പത്ത് മണിക്കാണത്രേ പാമ്പിനെ കണ്ടത്. കാർപെറ്റ് പൈത്തൺ എന്ന ഇനത്തിൽ പെടുന്ന പെരുമ്പാമ്പ് ആണ്. വീടിൻറെ മേൽക്കൂര വഴി വന്ന്, അടുക്കളയിൽ മുകളിലായി തുറന്നുകിടക്കുന്ന ഭാഗത്ത് കൂടി അകത്ത് കടന്നതായിരിക്കണം ഇതെന്നാണ് ദമ്പതികളുടെ നിഗമനം. പാമ്പിനെ കണ്ടത് ഹാളിൽ ചുവരിനോട് ചേർന്ന് കിടക്കുന്നതായാണ്. ഏറെ നേരമായിട്ടും അവിടെ നിന്ന് പാമ്പ് അനങ്ങിയിരുന്നില്ല. സാധാരണഗതിയിൽ ഇത്തരം പെരുമ്പാമ്പുകൾ ഇങ്ങനെ തന്നെയാണെന്നും അത്ര അക്രമസ്വഭാവം ഇവ കാണിക്കാറില്ലെന്നും ജെർമി പറയുന്നു. എന്തായാലും അപകടമൊന്നും കൂടാതെ ഇവർ പാമ്പിനെ അവിടെ നിന്ന് മാറ്റി. സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കുവച്ചതോടെ ഇത് വൈറലാവുകയായിരുന്നു.