ദില്ലി: അടുത്ത തവണയും മത്സര രംഗത്തുണ്ടാവുമെന്ന് ബിജെപി എംപി ബ്രിജ് ഭൂഷൺ. കൈസർഗഞ്ചിൽനിന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ബ്രിജ് ഭൂഷൺ പറഞ്ഞു. ഗോണ്ടയിലെ റാലിയിലാണ് ബ്രിജ് ഭൂഷന്റെ പ്രഖ്യാപനം. ലൈംഗിക പീഡന പരാതിയിൽ വലിയ വിമർശനങ്ങൾ നടക്കുന്നതിനിടെയാണ് ബ്രിജ് ഭൂഷന്റെ പരാമർശം.
അതേസമയം, ബ്രിജ് ഭൂഷനെതിരെ ലൈംഗികോരപണം ഉന്നയിച്ച വനിത ഗുസ്തി താരങ്ങളോട് വിചിത്ര നീക്കവുമായി ദില്ലി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. ലൈംഗിക പീഡനത്തിൻ്റെ തെളിവ് ഹാജരാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ശ്വാസപരിശോധനയുടെ പേരിൽ സ്വകാര്യ ഭാഗത്ത് സ്പർശിച്ചു, അമർത്തി കെട്ടിപ്പിടിച്ചു തുടങ്ങിയ ആരോപണങ്ങളിലാണ് തെളിവ് ചോദിച്ചത്. ശബ്ദ, ദൃശ്യ തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ബ്രിജ് ഭൂഷനെതിരെ നടപടിയില്ലെങ്കിൽ കടുത്ത തീരുമാനമെടുക്കുമെന്ന് ഗുസ്തി താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഏഷ്യൻ ഗെയിംസിൽ പങ്കെുക്കില്ലെന്നാണ് മുന്നറിയിപ്പ്.
ജൂൺ പതിനഞ്ചിനുള്ളിൽ സർക്കാരിൻറെ ഭാഗത്ത് നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും സമരം തുടങ്ങാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം. ഒത്തുതീർപ്പിന് വലിയ സമ്മർദ്ദം തങ്ങൾക്ക് മേൽ ഉണ്ടെന്ന് ഗുസ്തി താരങ്ങൾ പറഞ്ഞു. സർക്കാരുമായി നടത്തിയ ചർച്ചകളെ കുറിച്ച് ഹരിയാനയിൽ മഹാപഞ്ചായത്ത് വിളിച്ച് താരങ്ങൾ വിശദീകരിച്ചു. കർഷക നേതാക്കൾ പങ്കെടുത്ത യോഗത്തിൽ സാക്ഷി മാലിക്കും ബജ്രംഗ് പൂനിയയും പങ്കെടുത്തു. അതേസമയം താരങ്ങളുടെ പരാതിയിൽ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയ പൊലീസിനെതിരെ ആരോപണം ഉയർന്നട്ടുണ്ട്. പരാതിക്കാരായ ഗുസ്തിതാരങ്ങളെ ദില്ലിയിലെ ഗുസ്തി ഫെഡറേഷൻ ഓഫീസിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
ഗുസ്തി ഫെഡറേഷൻ ഓഫീസും ബ്രിജ് ഭൂഷണിൻറെ വസതിയും ഒരെ വളപ്പിൽ ആണ്. വസ്തിയിൽ ബ്രിജ് ഭൂഷൺ ഉള്ളപ്പോഴായിരുന്നു പൊലീസിൻറെ ഈ നടപടിയെന്നാണ് പരാതിക്കാരുടെ ആരോപണം. എന്നാൽ വീടും ഓഫീസും ഒരേ വളപ്പിലാണെങ്കിലും എതിർദിശയിലാണെന്നും പരാതിക്കാരിയും കുറ്റാരോപിതനും തമ്മിൽ കണ്ടിട്ടില്ലെന്നുമാണ് ദില്ലി പൊലീസ് വൃത്തങ്ങൾ ന്യായീകരിക്കുന്നത്.