KeralaNEWS

മന്ത്രിമാരുടെ ഉറപ്പ് വെറുംവാക്കായി; അമല്‍ജ്യോതിയില്‍ സമരംചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരേ കേസ്

കോട്ടയം: അമല്‍ജ്യോതി കോളേജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. ചീഫ് വിപ്പിനെ തടഞ്ഞതിനാണ് കണ്ടാലറിയുന്ന 50 പേര്‍ക്കെതിരേ പോലീസ് കേസെടുത്തത്.

ചീഫ് വിപ്പിനെയും ഡി.വൈ.എസ്.പിയേയും തടഞ്ഞു എന്ന് ചൂണ്ടിക്കാട്ടി സ്വമേധയായാണ് കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തത്. എഫ്.ഐ.ആര്‍. കോടതിയില്‍ സമര്‍പ്പിച്ചതായാണ് വിവരം. എന്നാല്‍, വിദ്യാര്‍ഥികള്‍ക്കെതിരെ അവരുടെ ഭാവിയെ ബാധിക്കുന്ന യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകില്ല എന്ന് കഴിഞ്ഞ ദിവസം കോട്ടയം എസ്.പി ഉറപ്പുനല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്ത നടപടി പരിശോധിക്കുമെന്നും അതിനു ശേഷം വേണ്ട തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം മന്ത്രിമാരായ ആര്‍.ബിന്ദുവും വി.എന്‍.വാസവനും വിദ്യാര്‍ഥികളും അധ്യാപകരും കോളേജ് മാനേജ്മെന്റുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് മന്ത്രി ആര്‍.ബിന്ദുവും ഉറപ്പു നല്‍കിയിരുന്നു. ഈ ഉറപ്പുകള്‍ തള്ളിയാണ് കാഞ്ഞിരപ്പള്ളി പോലീസിന്റെ നടപടി.

Signature-ad

അതിനിടെ, ആരോപണ വിധേയായ ഹോസ്റ്റല്‍ വാര്‍ഡന്‍ മായയെ സ്ഥലമാറ്റിയേക്കുമെന്ന് സൂചനയുണ്ട്. മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ വാര്‍ഡനെ മാറ്റണമെന്ന ആവശ്യം മന്ത്രിമാര്‍ ഉന്നയിച്ചിരുന്നു. ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും മൊഴി എടുത്തേക്കും. കഴിഞ്ഞ ദിവസം കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു.

 

 

Back to top button
error: