കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ നല്‍കിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും. പ്രത്യേക സംഘത്തിന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നേതൃത്വം നല്‍കുമെന്നും കൊച്ചി കമ്മിഷണര്‍ കെ.സേതുരാമന്‍ പറഞ്ഞു. പരീക്ഷാ ഫലത്തില്‍ തന്റെ പേര് വന്നത് ഗൂഢാലോചനയെന്നാണ് ആര്‍ഷോയുടെ ആരോപണം.
വിവാദത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ആര്‍ഷോ ഡിജിപിക്ക് പരാതി നല്‍കിയത്. പരാതി കൊച്ചി കമ്മിഷണര്‍ക്ക് കൈമാറിയിരുന്നു. അന്വേഷിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചാണ് കൊച്ചി കമ്മിഷണര്‍ക്ക് ഡിജിപി പരാതി കൈമാറിയത്.
മഹാരാജാസ് കോളജിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം ഇന്‍ ആര്‍ക്കിയോളജി ആന്‍ഡ് മെറ്റീരിയല്‍ കള്‍ചറല്‍ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റില്‍ ഒരു വിഷയത്തിലും ആര്‍ഷോയ്ക്കു മാര്‍ക്കോ ഗ്രേഡോ ഇല്ലെങ്കിലും ‘പാസ്ഡ്’ എന്നു രേഖപ്പെടുത്തിയിരുന്നതാണ് വിവാദമായത്. ആദ്യം ആര്‍ഷോയെ തള്ളിപ്പറഞ്ഞ കോളജ് അധികൃതര്‍ പിന്നീട്, സാങ്കേതിക തടസ്സം മാത്രമാണെന്ന് വ്യക്തമാക്കിയിരുന്നു.
എറണാകുളം ജില്ലയില്‍ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മൂന്നാം സെമന്ററിലെ ഒരു പരീക്ഷയും താന്‍ എഴുതിയിട്ടില്ലെന്നാണ് ആര്‍ഷോയുടെ വാദം. പ്രചരിക്കുന്ന മാര്‍ക്ക് ലിസ്റ്റില്‍ പറയുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പമല്ല താന്‍ പഠിച്ചതെന്നും അത് 2021 ബാച്ചിന്റെ ഫലമാണെന്നും ആര്‍ഷോ വ്യക്തമാക്കിയിരുന്നു. 2022 ബാച്ചിലാണ് പഠിച്ചത്. ചിലരുടെ ഇടപെടലിന്റെ ഭാഗമായാണ് മാര്‍ക്ക് ലിസ്റ്റ് പ്രചരിച്ചതെന്നും ആര്‍ഷോ വ്യക്തമാക്കിയിരുന്നു.