കൊച്ചി: സ്വന്തം സഹോദരനില്‍ നിന്ന് ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ ഏഴ് മാസം (32 ആഴ്ചയിലേറെ) വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ കേരള ഹൈക്കോടതിയുടെ അനുമതി. പെണ്‍കുട്ടിയുടെ പിതാവിന്റെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ആണ് നിര്‍ണായക ഉത്തവ് നല്‍കിയത്.
സ്വന്തം സഹോദരനില്‍നിന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രം അനുവദിച്ചില്ലെങ്കില്‍ സാമൂഹികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കുക മാത്രമാണ് പോംവഴി. ഹര്‍ജിക്കാരന്റെ ആവശ്യം ന്യായമാണെന്നും കോടതി വിലയിരുത്തി.
ഇതിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും കോടതി നിര്‍ദേശം നല്‍കി. പെണ്‍കുട്ടിയെ പരിശോധിക്കാന്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്. മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി വിശദമായി പഠിച്ചു.
പെണ്‍കുട്ടി ഗര്‍ഭിണിയായത് സ്വന്തം സഹോദരനില്‍ നിന്നാണ്. ഭാവിയില്‍ വിവിധ തരത്തിലുള്ള സാമൂഹികവും വൈദ്യശാസ്ത്രപരവുമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനിടയുണ്ട്. ഇത് ആരോഗ്യത്തെ പോലും ബാധിച്ചേക്കും. ഇതിനാല്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കുക മാത്രമാണ് പോംവഴി. ഒരു കാലതാമസവും വരാതെ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.