KeralaNEWS

ജയിലിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട്; രേഖകളില്ലാതെ ലൈസന്‍സ് പുതുക്കിനല്‍കി അധികൃതര്‍

ഇടുക്കി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യ നേതാവിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിന് ആവശ്യമായ രേഖകളില്ലാതെ അധികൃതര്‍ ലൈസന്‍സ് പുതുക്കി നല്‍കി. മാങ്കുളത്തുള്ള ഇ ഡി പരിശോധനയ്ക്ക് അടക്കം വിധേയമായ റിസോര്‍ട്ടിന് ലൈസന്‍സ് അനുവദിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയാണുണ്ടായത്. മാങ്കുളം വിരിപാറ വിജയന്‍ കടയ്ക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന ‘വില്ല വിസ്റ്റ റിസോര്‍ട്ടി’ന്റെ ലൈസന്‍സ് പുതുക്കി നല്‍കിയ നടപടി മാങ്കുളം പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. എങ്കിലും രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്തിട്ടില്ലെങ്കിലും ജില്ലാ പോലീസ് മേധാവിക്ക് മൂന്നാര്‍ ഡിവൈ.എസ്.പി അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റിസോര്‍ട്ടുടമയുടെ അപേക്ഷയിന്മേല്‍ പരിശോധന നടത്തി പ്രവര്‍ത്തന ലൈസന്‍സ് പുതുക്കി നല്‍കുകയാണ് പഞ്ചായത്ത് ചെയ്തിരുന്നത്. ഇതിനായി പ്രധാനമായും വേണ്ട രേഖയാണ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി). എന്നാല്‍, അപേക്ഷ പരിഗണിച്ച് ക്ലര്‍ക്ക് ഇത് നോക്കാതെ പി.സി.സി ഉണ്ടെന്ന് കാട്ടി ഓണ്‍ലൈന്‍ സംവിധാനത്തിലെ കോളത്തില്‍ ടിക് മാര്‍ക്ക് ചെയ്തു. സ്ഥലത്ത് പരിശോധന നടത്തിയ ഉദ്യോഗസ്ഥനും ഇക്കാര്യം ശ്രദ്ധിച്ചില്ല.

ലഭിച്ച അപേക്ഷയില്‍ ആവശ്യമായ രേഖകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് നോക്കാതെ പഞ്ചായത്ത് സെക്രട്ടറി അനുമതിയും നല്‍കി. ഇതിന് പിന്നാലെ നാട്ടുകാരില്‍ നിന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി എത്തുകയും അദ്ദേഹം അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. സംഭവത്തില്‍ മൂവരേയും വിളിച്ച് വരുത്തി മൊഴി എടുത്തതായി മൂന്നാര്‍ ഡിവൈ.എസ്.പി പറഞ്ഞു. ക്ലറിക്കല്‍ മിസ്റ്റേക്കാണെന്ന് ക്ലര്‍ക്കും തന്റെ പരിചയകുറവ് കൊണ്ട് പറ്റിയ പിശകാണെന്ന് സെക്രട്ടറിയും മൊഴി നല്‍കി. എന്നാല്‍, തങ്ങളാരും സാമ്പത്തിക ലാഭത്തിനായല്ല ഇത് ചെയ്തതെന്നുമാണ് മൂവരും പറഞ്ഞത്. അതേസമയം, വീഴ്ച പറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് വിവരം.

കൈവെട്ട് കേസിലടക്കം പ്രതിയായ മൂവാറ്റുപുഴ സ്വദേശി എം.കെ. അഷറഫിന്റെ (തമര്‍ അഷറഫ്) പേരിലുള്ളതാണ് ഈ റിസോര്‍ട്ട്. തമര്‍ അഷറഫ് ഡല്‍ഹിയില്‍ ജയിലിലുമാണ്. ഇയാളുടെ മകനാണ് റിസോര്‍ട്ടിന്റെ പ്രവര്‍ത്തനത്തിന് അപേക്ഷ നല്‍കിയിരുന്നത്. ഇഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ നിരവധി തവണ ഈ റിസോര്‍ട്ടില്‍ പരിശോധന നടത്തിയിരുന്നു. കേന്ദ്രരഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണത്തിലുള്ളതാണ് ഈ റിസോര്‍ട്ട്.

 

 

Back to top button
error: