KeralaNEWS

ഇഞ്ചിക്കൊപ്പം കുതിച്ചുയർന്ന് ജീരകത്തിനും കശ്മീരി മുളകിനും വില 

കൊച്ചി: ഇഞ്ചിക്കൊപ്പം കുതിച്ചുയർന്ന് ജീരകത്തിനും കശ്മീരി മുളകിനും വില .ജീരകത്തിന് 130 ശതമാനവും ഇഞ്ചിക്ക് 200 ശതമാനത്തോളവും വില ഉയർന്നിട്ടുണ്ട്. ചുവന്ന മുളകിനും വില ഉയരുകയാണ്. ഉത്പാദനത്തിലെ കുറവും വിപണിയിൽ ലഭ്യത കുറഞ്ഞതുമാണ് ഇവയുടെ വില ഉയരാനുള്ള പ്രധാന കാരണം.
ഇഞ്ചിക്ക് നാലു മാസത്തോളമായി വില ഉയരുകയാണ്.മൊത്തവിപണിയിൽ ആറുമാസം മുൻപ് 80 രൂപയായിരുന്ന ഇഞ്ചിവില റെക്കോഡ്‌ നിലവാരത്തിലാണിപ്പോൾ. മൊത്തവില കിലോയ്ക്ക് 250 രൂപയും ചില്ലറ വിൽപ്പനവില 300-350 രൂപയുമാണ്. ചുക്കിന്റെ വില ഇതിലും കൂടും.
മൊത്തവിപണിയിൽ കഴിഞ്ഞമാസം കിലോയ്ക്ക് 240-260 രൂപയായിരുന്ന ജീരകത്തിന്റെ വില ഒറ്റയടിക്കാണ് കുതിച്ചുയർന്ന് 550-600 രൂപ വരെയെത്തിയത്. 130 ശതമാനത്തോളമാണ് വിലക്കയറ്റം. ചില്ലറവിപണിയിൽ 720-800 രൂപ വരെയാണ് വില. ചുവന്ന മുളകിന്റെ (കർണാടക കശ്മീരി മുളക്) ചില്ലറ വിൽപ്പനവില ആറു മാസം മുൻപ് കിലോയ്ക്ക് 360 രൂപയായിരുന്നത് 120 ശതമാനത്തോളം വർധിച്ച് 700-800 രൂപ വരെയായിട്ടുണ്ട്. മൊത്തവിപണിയിൽ 650 രൂപ വരെ വിലയുണ്ട്. സാധാരണ വറ്റൽമുളകിന് കിലോയ്ക്ക് 300 രൂപയിലധികമാണ് ചില്ലറവില.
കർണാടകയിൽനിന്നാണ് കേരളത്തിലേക്ക് ഇഞ്ചി കൂടുതലായെത്തുന്നത്. സീസണായിട്ടും ഉത്പാദനം കുറഞ്ഞത് ഇഞ്ചിയുടെ ലഭ്യത കുറച്ചു. വിപണിയിൽ ആവശ്യത്തിനുള്ള ഇഞ്ചി ലഭ്യമല്ലാതായതോടെയാണ് വില കുതിച്ചുയർന്നത്.എരിവുകുറഞ്ഞ കശ്മീരി മുളകിന്റെ 40 ശതമാനത്തോളം ഉത്പാദനവും നടക്കുന്നത് കർണാടകയിലാണ്. ഇതിന് ആവശ്യകത കൂടുതലാണ്. കയറ്റുമതി വിപണിയിലും ആഭ്യന്തര വിപണിയിലും ആവശ്യകത ഉയർന്നെങ്കിലും ഉത്പാദനത്തിലെ കുറവ് വില ഉയരാൻ കാരണമായി. ഗുണ്ടൂർ വിപണി അടച്ചതും വില ഉയരാൻ കാരണമായി.
രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ജീരകത്തിന്റെ കൃഷിയുള്ളത്. ഇവിടങ്ങളിൽ കാലാവസ്ഥാവ്യതിയാനം കാരണം ഉത്പാദനം കുറഞ്ഞതും വിപണിയിൽ ആവശ്യകത ഉയർന്നതുമാണ് ജീരകവില ഉയരാൻ കാരണം. ഇതോടൊപ്പം കയറ്റുമതി ആവശ്യകത കൂടിയതും വിലയുടെ ഗ്രാഫ് മുകളിലേക്കുയർത്തി. മാർച്ചിൽ കാലംതെറ്റി പെയ്ത മഴയാണ് ജീരകത്തിന്റെ ഉത്പാദനം കുറയാനുള്ള കാരണം.

Back to top button
error: