CrimeNEWS

കൊണ്ടോട്ടിയില്‍ ആള്‍ക്കൂട്ടക്കൊലപാതകം? ഇതര സംസ്ഥാനത്തൊഴിലാളി മര്‍ദനമേറ്റു മരിച്ചു

മലപ്പുറം: കൊേണ്ടാട്ടി കിഴിശ്ശേരിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ബിഹാര്‍ ഈസ്റ്റ് ചെമ്പാരന്‍ ജില്ലയിലെ മാധവ്പുര്‍ കേഷോ സ്വദേശി സോണ്ടര്‍ മാഞ്ചിയുടെ മകന്‍ രാജേഷ് മാഞ്ചി(36)യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെ കിഴിശ്ശേരി-തവനൂര്‍ റോഡില്‍ ഒന്നാംമൈലിലാണ് സംഭവം.

സംശയാസ്പദമായ സാഹചര്യത്തില്‍ റോഡരികിലെ വീട്ടുപരിസരത്തുനിന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. മോഷ്ടിക്കാനെത്തിയതാണെന്നാരോപിച്ച ആള്‍ക്കൂട്ടം ചോദ്യംചെയ്യുകയും മര്‍ദിക്കുകയും ചെയ്തതായാണു സൂചന.

Signature-ad

നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പുലര്‍ച്ചെ മൂന്നരയോടെ സ്ഥലത്തെത്തിയ പോലീസ് റോഡരികില്‍ ഗുരുതരമായ പരിക്കുകളോടെ കിടന്നിരുന്ന രാജേഷിനെ ആംബുലന്‍സില്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശരീരത്തിനകത്തും പുറത്തുമേറ്റ മാരക പരിക്കുകളാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ചയാണ് രാജേഷ് കിഴിശ്ശേരി ഒന്നാംമൈലിലെത്തി വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസമാക്കിയത്. ഇവിടെയുള്ള കോഴിത്തീറ്റ ഫാമില്‍ ജോലിക്കുവന്നതാണെന്ന് പോലീസ് പറഞ്ഞു. ഈ ക്വാര്‍ട്ടേഴ്‌സിന്റെ നൂറുമീറ്റര്‍ അകലെയുള്ള വീട്ടുപരിസരത്താണ് രാജേഷിനെ സംശയാസ്പദമായി കണ്ടത്.

എന്നാല്‍, ഇയാള്‍ ഒരു വീടിന്റെ സണ്‍ഷേഡിനു മുകളില്‍നിന്നു വീഴുകയായിരുന്നെന്നും ശബ്ദംകേട്ട് പ്രദേശവാസികളെത്തി പിടികൂടുകയുമായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശരീരമാസകലം മര്‍ദനമേറ്റതിന്റെ പരിക്കുകളും അടയാളങ്ങളുമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ പത്തിലധികം പേരെ പോലീസ് ചോദ്യംചെയ്തു. പ്രദേശത്ത് പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

Back to top button
error: