ചെന്നൈ: തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കുടുംബത്തിന്റെ അഴിമതികളെക്കുറിച്ച് പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നതിനെത്തുടര്‍ന്ന് വിവാദത്തിലായ മന്ത്രി പളനിവേല്‍ ത്യാഗരാജനെ ധനവകുപ്പില്‍ നിന്ന് മാറ്റി. ഐടി വകുപ്പിലേക്കാണ് മാറ്റിയത്. വ്യവസായ മന്ത്രി തങ്കം തെന്നരശുവാണ് പുതിയ ധനമന്ത്രി.
ഡിഎംകെയുടെ അഴിമതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഓഡിയോ ക്ലിപ്പ് പുറത്തു വന്നത് പാര്‍ട്ടിക്കും സര്‍ക്കാരിനും കടുത്ത ക്ഷീണമുണ്ടാക്കിയിരിക്കെയാണ് പിടിആറിന്റെ ധനമന്ത്രി സ്ഥാനം തെറിച്ചത്. പിടിആറിനെ ധനമന്ത്രിയായി നിലനിര്‍ത്താന്‍ പലവട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും, സ്റ്റാലിന്‍ കടുത്ത അതൃപ്തിയിലായിരുന്നു.
മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി സംസ്ഥാന ക്ഷീര വികസനമന്ത്രി എസ് എം നാസറിനെ ഒഴിവാക്കി. പകരം പുതിയ മന്ത്രിയായി നിയോഗിക്കപ്പെട്ട ടിആര്‍ബി രാജയുടെ സത്യപ്രതിജ്ഞ ചടങ്ങ്? വ്യാഴാഴ്ച രാവിലെ നടന്നു. വ്യവസായ മന്ത്രിയായാണ് ടിആര്‍ബി രാജയുടെ നിയമനം.
മന്നാര്‍ഗുഡിയില്‍ നിന്ന് തുടര്‍ച്ചയായി 3 തവണ വിജയിച്ച ടി.ആര്‍.ബി.രാജ ഡിഎംകെയുടെ മുതിര്‍ന്ന നേതാവും എംപിയുമായ ടി.ആര്‍.ബാലുവിന്റെ മകനാണ്. 2021 മേയില്‍ ചുമതലയേറ്റ ശേഷം ഇത് രണ്ടാം തവണയാണ് എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്. നാസറിന്റെ മന്ത്രി പദവി നഷ്ടപ്പെടാന്‍ കാരണം മോശം പ്രകടനമാണെന്ന് പറയപ്പെടുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി വകുപ്പ് മന്ത്രി എംപി സ്വാമിനാഥന് തമിഴ് ഭാഷാ, സംസ്‌കാരം, പ്രസ് എന്നിങ്ങനെ അധിക ചുമതലകള്‍ ലഭിച്ചു.
മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കുടുംബത്തിന്റെ അഴിമതികളെക്കുറിച്ച് പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നതിനെത്തുടര്‍ന്ന് പളനിവേല്‍ ത്യാഗരാജന്‍ വിവാദത്തിലായിരുന്നു. ഓഡിയോ ടേപ്പിലെ ശബ്ദം തന്റേതല്ലെന്നാണ് ത്യാഗരാജന്‍ വിശദീകരിച്ചത്. എന്നാല്‍, ഓഡിയോ പുറത്തുവിട്ടവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതുമില്ല. രാഷ്ട്രീയ നിരീക്ഷകനും അന്വേഷണാത്മക മാധ്യമസ്ഥാപനമായ സവുക്കുവിന്റെ എഡിറ്ററുമായ എ ശങ്കര്‍ ആണ് ആദ്യത്തെ ഓഡിയോ ടേപ്പ് പുറത്തുവിട്ടത്. പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ മറ്റൊരു ഓഡിയോ ടേപ്പും പുറത്തുവിട്ടിരുന്നു.