ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. വിശ്വാസ വോട്ടെടുപ്പ് നേരിടാതെയാണ് ഉദ്ധവ് സര്‍ക്കാര്‍ രാജിവച്ചത് എന്നതിനാലാണ് ഇത്. അതുകൊണ്ട് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരണത്തെ ഗവര്‍ണര്‍ പിന്തുണച്ചത് ന്യായീകരിക്കാമെന്നും കോടതി പറയുന്നു. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാജിവയ്ക്കുകയായിരുന്നുവെന്നും വിശ്വാസ വോട്ട് നേരിട്ടിരുന്നെങ്കില്‍ പുനഃസ്ഥാപിക്കാന്‍ സാധിച്ചേനെയെന്നും കോടതി നിരീക്ഷിച്ചു.
എന്നാല്‍, വിശ്വാസ വോട്ടെടുപ്പിനുള്ള ഗവര്‍ണറുടെ തീരുമാനവും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിനു വിപ്പ് അനുവദിച്ച സ്പീക്കറുടെ നടപടിയും തെറ്റാണെന്നും കോടതി നിരീക്ഷിച്ചു. ശിവസേനയിലെ പിളര്‍പ്പിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലുണ്ടായ രാഷ്ട്രീയപ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിന്‍ഡെ വിഭാഗങ്ങള്‍ നല്‍കിയ ഹര്‍ജികളില്‍ ആണ് വിധി.
ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെയും ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ നടപടിയെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഗവര്‍ണറുടെ നടപടി ഭരണഘടനയ്ക്ക് അനുസൃതമായല്ല. ഗവര്‍ണര്‍ കത്തിനെ മാത്രം ആശ്രയിച്ച് തീരുമാനം എടുക്കരുതായിരുന്നു. കത്തില്‍ ഉദ്ധവ് താക്കറെയ്ക്ക് പിന്തുണ നഷ്ടമായെന്ന് വ്യക്തമാക്കുന്നില്ല.
ഷിന്‍ഡെ വിഭാഗത്തിന്റെ വിപ്പിന് സ്പീക്കര്‍ അംഗീകാരം നല്‍കിയത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധി പ്രസ്താവത്തില്‍ പറയുന്നു. അതേസമയം, ഷിന്‍ഡെ ഉള്‍പ്പെടെയുള്ളവരെ അയോഗ്യരാക്കുകയും ഗവര്‍ണറുടെ നടപടി ഭരണഘടനാപരമായി തെറ്റാണെന്നു വിധിക്കുകയും ചെയ്താല്‍ മഹാരാഷ്ട്രയില്‍ ഉദ്ധവ് സര്‍ക്കാര്‍ രാജിവയ്ക്കുന്നതിനു മുന്‍പുള്ള തല്‍സ്ഥിതി പുനഃസ്ഥാപിക്കണമെന്ന ഉദ്ധവിന്റെ ആവശ്യം അംഗീകരിക്കാന്‍ സാധ്യമല്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.