KeralaNEWS

ബോട്ട് ഉടമ നാസറിന്റെ സഹോദരനും അയല്‍വാസിയും കൊച്ചിയില്‍ കസ്റ്റഡിയില്‍; കാറും മൊബൈലും പിടിച്ചെടുത്തു

കൊച്ചി: താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ട് അറ്റ്ലാന്റികിന്റെ ഉടമ നാസറിന്റെ വാഹനം പോലീസ് പിടികൂടി. കൊച്ചിയില്‍ വാഹനപരിശോധനയ്ക്കിടെയാണ് നാസറിന്റെ കാറും ഡ്രൈവറും പിടിയിലായത്. നാസര്‍ ഒളിവിലാണ്. ഇയാളെ പിടികൂടാനായിട്ടില്ല.

നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ബോട്ടുടമ നാസറിന്റെ മൊബൈല്‍ഫോണും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. നാസറിനെതിരേ പോലീസ് നരഹത്യാക്കേസ് എടുത്തിട്ടുണ്ട്.

Signature-ad

പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ യാത്രാ ബോട്ട് അപകടത്തില്‍പ്പെട്ട് 22 പേരാണ് മരിച്ചത്. തീരത്തിന് 300 മീറ്റര്‍ അകലെയാണ് ബോട്ട് മുങ്ങിയത്. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി ടൂറിസ്റ്റ് ബോട്ടായി ഉപയോഗിക്കുകയായിരുന്നു.

പൊന്നാനിയിലെ ലൈസന്‍സില്ലാത്ത യാര്‍ഡില്‍ വച്ചാണ് രൂപമാറ്റം നടത്തിയത്. ആലപ്പുഴ പോര്‍ട്ട് ചീഫ് സര്‍വേയര്‍ കഴിഞ്ഞ മാസം ബോട്ട് സര്‍വേ നടത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും സൂചനയുണ്ട്. ബോട്ടിന് ഫിറ്റ്‌നസ് നല്‍കുമ്പോള്‍ രൂപരേഖയുള്‍പ്പെടെ നിര്‍മാണത്തിന്റെ സകല വിവരങ്ങളും വ്യക്തമാക്കണമെന്നിരിക്കെയാണ് പോര്‍ട്ട് സര്‍വേയറുടെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയതെന്നാണ് വിവരം.

രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നില്ല. ഇതിനു മുന്‍പാണ് ബോട്ട് സര്‍വീസിനിറങ്ങിയതെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. മീന്‍പിടിത്ത ബോട്ട് ഒരു കാരണവശാലും രൂപമാറ്റം നടത്തി ഉല്ലാസ യാത്രയ്ക്ക് ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്.

ഈ ബോട്ട് സര്‍വീസ് ആരംഭിക്കുമ്പോള്‍ തന്നെ ബോട്ടിന്റെ ഘടന കണ്ട് മത്സ്യത്തൊഴിലാളികള്‍, ഇത് വിനോദസഞ്ചാരത്തിന് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് രണ്ട് നില ബോട്ടായിരുന്നു. വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്നതിനായി അടിഭാഗം ഫ്ളാറ്റായിട്ടായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍, ഈ ബോട്ടിന്റെ അടിഭാഗം മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടിന് സമാനമായി റൗണ്ടിലാണ്. കൂടുതല്‍ ആളുകള്‍ കയറിയാല്‍, ഇത് ഒരു ഭാഗത്തേക്ക് ചരിഞ്ഞുപോകും. ഇതാണ് അപകടത്തിനിടയാക്കിയത്.

Back to top button
error: