ആലപ്പുഴ: പോസ്റ്റോഫീസിൽ നിന്ന് ലക്ഷങ്ങളുടെ നിക്ഷേപക തുക തട്ടിയെടുത്ത വനിതാ പോസ്റ്റ്മാസ്റ്റർ, അമിത നാഥിന് വിനയായത് ഓൺലൈൻ ചീട്ടുകളിയെന്ന് വിവരം. സാമ്പത്തിക പ്രതിസന്ധിയൊന്നും ഇല്ലാതിരുന്ന അമിത, പണം റമ്മി കളിക്കാൻ ചെലവാക്കിയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പ്രാഥമിക മൊഴിയിൽ അമിത ഇക്കാര്യം പറഞ്ഞിട്ടില്ല.
മാരാരിക്കുളത്ത് പോസ്റ്റ് മാസ്റ്റര് ആയിരിക്കെയാണ് 21 ലക്ഷം രൂപ പല അക്കൗണ്ടുകളിൽ നിന്നായി അമിത നാഥ് തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ടത് 21 പേർക്ക്. അമിതക്ക് സ്വന്തമായി വീടോ ഭൂമിയോ ഇല്ല. സ്റ്റുഡിയോ നടത്തുന്ന ഭർത്താവിനൊപ്പമാണ് താമസം. നാല് വർഷം മുന്പെടുത്ത കാർ വായ്പ മാത്രമാണ് ആകെയുള്ള ബാധ്യത. പിന്നെ എന്തിന് വേണ്ടിയാണ് ഈ പണം ചെലവഴിച്ചത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
ഈ അന്വേഷത്തിലാണ് ഇവർ ഓൺലൈൻ റമ്മി കളിച്ചിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. പൊലീസിന് നല്കിയ പ്രാഥമിക മൊഴിയിൽപക്ഷെ അമിത ഇക്കാര്യം പറയുന്നില്ല. കസ്റ്റിഡിയിൽ വാങ്ങിയ ശേഷം ഇക്കാര്യത്തെകുറിച്ച് വിശദമായി അന്വഷിക്കാനാണ് തീരുമാനം. അമിതയുടെ ബാങ്ക് അക്കൗണ്ടില് കാര്യമായി പണമില്ല. ആദ്യഘട്ടത്തില് പരാതിയുമായി എത്തിയ ചില നിക്ഷേപകർക്ക് വീട്ടുകാർ പണം നൽകിയിരുന്നു.
വീട്ടുകാർ സ്ഥലം വിറ്റാണ് ഇതിന് പണം കണ്ടെത്തിയത്. കൂടുതൽ പേർ തട്ടിപ്പിനിരയായോ എന്നും പൊലീസ് അന്വേഷിക്കുന്നത്. നിക്ഷേപ പദ്ധതിയിൽ ചേരുന്നവർക്ക് ആരുടെയെങ്കിലും പാസ് ബുക്കിലെ ആദ്യ പേജ് കീറിക്കളഞ്ഞ് നൽകുകയായണ് അമിത ചെയ്തിരുന്നത്. നിക്ഷേപകൻറെ പേരിൽ യഥാർഥ അക്കൗണ്ട് ഉണ്ടാവുകയുമില്ല. നിക്ഷേകൻ അടയക്കുന്ന പണം അമിത കൈവശം വെക്കുകയും ചെയ്യും. കാലാവധി കഴിഞ്ഞ നിക്ഷേപ പദ്ധതിയിൽനിന്ന് പണം പിൻവലിക്കാൻ എത്തിയ നിക്ഷേപകന്, സ്വന്തമായി അക്കൗണ്ട് പോലുമില്ലെന്ന് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്.