തിരുവനന്തപുരം: പ്രതിപക്ഷ അംഗങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ബാനറുമായി പ്രതിഷേധിച്ചപ്പോഴായിരുന്നു സ്പീക്കറുടെ വിമര്‍ശനവും പരിഹാസവും. പ്രതിപക്ഷ അംഗങ്ങളില്‍ പലരും നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ചവരാണെന്നു പറഞ്ഞ സ്പീക്കര്‍, ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും ഷാഫി പറമ്പില്‍ അടുത്ത തവണത്തെ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും മുന്നറിയിപ്പു നല്കി.
ബ്രഹ്മപുരം മാലിന്യ വിഷയത്തില്‍ പ്രതിഷേധിച്ച കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍മാരെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. എന്‍.ജയരാജിനെ സ്പീക്കര്‍ ശ്രദ്ധക്ഷണിക്കലിനായി ക്ഷണിച്ചു. പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തിയതിനാല്‍ സ്പീക്കറെ കാണാനാകുന്നില്ലെന്ന് ജയരാജ് പറഞ്ഞു. ഡയസിനു മുന്നില്‍ ബാനര്‍ ഉയര്‍ത്തിയതിനാല്‍ മുഖം കാണാനാകുന്നില്ലെന്നും അങ്ങനെ ചെയ്യരുതെന്നും സ്പീക്കര്‍ പറഞ്ഞു.
”ടി.ജെ. വിനോദ് എറണാകുളത്തെ ആളുകള്‍ ഇതെല്ലാം കാണുന്നുണ്ട്. മുഖം മറയ്ക്കുന്ന രീതിയില്‍ ബാനര്‍ പിടിക്കരുത്. ജനങ്ങള്‍ കാണുന്നുണ്ട്. ആ ബോധ്യമുണ്ടായാല്‍ മതി. മഹേഷ്, കരുനാഗപ്പള്ളിയിലെ ജനങ്ങള്‍ കാണുന്നുണ്ട്. റോജി ഇത് അങ്കമാലിയിലെ ജനങ്ങള്‍ കാണുന്നുണ്ട്. അതേ എനിക്ക് പറയാനുള്ളൂ. ചെറിയ മാര്‍ജിനിലാണ് പലരും ജയിച്ചത്. ചാലക്കുടിയിലെ ജനങ്ങള്‍ ഇത് കാണുന്നുണ്ട്. 16 ാം സഭയില്‍ വരേണ്ടതാണ്. വെറുതേ ഇമേജ് മോശമാക്കരുത്. എല്ലാവരും ചെറിയ ഭൂരിപക്ഷത്തില്‍ ജയിച്ചവരാണ്. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്. ഷാഫി, അടുത്ത തവണ തോല്‍ക്കും. അവിടെ തോല്‍ക്കും” -സ്പീക്കര്‍ പറഞ്ഞു.