KeralaNEWS

സമാന്തര സര്‍വീസുകാരന്റെ ബസില്‍ യൂണിയന്‍ നേതാവും സംഘവും ഗവിയില്‍ അടിച്ച് പൊളിച്ചു; കെഎസ്ആര്‍ടിസിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: സമാന്തര സര്‍വീസ് നടത്തുന്ന ബസില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഗവിയിലേക്ക് ഉല്ലാസ യാത്ര നടത്തിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം ഗവിയിലേക്ക് പ്രത്യേക സര്‍വീസ് നടത്തുമ്പോള്‍, ജീവനക്കാര്‍ സമാന്തരവാഹനത്തില്‍ ഉല്ലാസയാത്ര നടത്തിയ സംഭവത്തില്‍ സി.എം.ഡി ബിജുപ്രഭാകറിന് പരാതി ലഭിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ ബസുകള്‍ ഒഴിവാക്കി സ്വകാര്യവാഹനത്തെ ആശ്രയിച്ചതാണ് ആക്ഷേപത്തിന് ഇടയാക്കിയത്.

തിരുവനന്തപുരം സെന്‍ട്രലിലെ ജീവനക്കാര്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ഗവിയിലേക്ക് പോയത്. സെന്‍ട്രല്‍ എ.ടി.ഒയും ട്രേഡ് യൂണിയന്‍ നേതാവായ ഇന്‍സ്പെക്ടറുമാണ് യാത്രയ്ക്ക് നേതൃത്വം നല്‍കിയത്. കെ.എസ്.ആര്‍.ടി.സി ബസ് ലഭ്യമല്ലാത്തതുകൊണ്ടാണ് വാഹനം വാടകയ്ക്കെടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം. നിജസ്ഥിതി വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. അന്നേദിവസം തലസ്ഥാനത്തെ മറ്റൊരു ഡിപ്പോയില്‍ നിന്നുള്ള ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ വിനോദയാത്ര നടത്തിയിരുന്നു. അവധി ദിവസങ്ങളില്‍ യാത്രക്കാര്‍ കുറഞ്ഞ ട്രിപ്പുകള്‍ റദ്ദാക്കി ബഡ്ജറ്റ് ടൂറിസത്തിന് ബസ് നല്‍കാറുണ്ട്.

കെ.എസ്.ആര്‍.ടി.സി നിരക്ക് കുറച്ച് ഗവിയിലേക്ക് സര്‍വീസ് നടത്തുന്നുവെന്ന് ചില സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പരാതിപ്പെട്ടിരുന്നു. ഇതിനിടെയാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സ്വകാര്യവാഹനത്തെ ആശ്രയിച്ചത്.

 

Back to top button
error: