അഗര്‍ത്തല: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍, ത്രിപുരയില്‍ ബിജെപി ഭരണം ഉറപ്പിച്ചു. ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കടന്നു. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം എന്‍.ഡിഎ. സഖയത്തില്‍ ബി.ജെ.പി 31 ഉം ഐ.പി.എഫ്.ടി ഒന്നും സീറ്റുകളില്‍ മുന്നിലാണ്. ഏറെ കൊട്ടിഘോഷിച്ച സി.പി.എം-കോണ്‍ഗ്രസ് സംഖ്യഗ കാര്യമായ ചലനമുണ്ടാക്കിയില്ല. സി.പി.എം 12 ഉം കോണ്‍ഗ്രസ് ധ ഉം ഇടങ്ങളിലാണ് മുന്നില്‍. കന്നിക്കാരായ തിപ്ര മോത പാര്‍ട്ടി 11 ഇടത്ത് കരുത്തുകാട്ടി.
അക്രമം ഒഴിവാക്കാന്‍ വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ത്രിപുരയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സമാധാന സമ്മേളനം നടത്തിയിരുന്നു. ത്രിപുരയില്‍ ഫ്രെബ്രുവരി 16നും മേഘാലയയിലും നാഗാലാന്‍ഡിലും ഫ്രെബ്രുവരി 27നുമായിരുന്നു വോട്ടെടുപ്പ്. ഈ വര്‍ഷം നടക്കുന്ന 9 നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്നത്.
60 നിയമസഭാ സീറ്റുകളില്‍ ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോത്ത പാര്‍ട്ടി എന്നിവര്‍ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. കാല്‍നൂറ്റാണ്ടു നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, 60 നിയമസഭാ സീറ്റുകളില്‍ 36 സീറ്റില്‍ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. 2021 ഏപ്രിലിലെ ത്രിപുര ട്രൈബല്‍ ഏരിയ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ തിപ്ര മോത്ത പാര്‍ട്ടി സിപിഎമ്മിനെയും ബിജെപിയെയും നിലംപരിശാക്കിയിരുന്നു.