കൊച്ചി: കാന്താര എന്ന കന്നഡ സിനിമയിലെ വരാഹരൂപം ഗാനം സംബന്ധിച്ച പകര്‍പ്പവകാശ കേസില്‍ നിര്‍മാതാവ് വിജയ് കിരഗന്ദൂര്‍, സംവിധായകന്‍ ഋഷഭ് ഷെട്ടി എന്നിവരുടെ ജാമ്യവ്യവസ്ഥകള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. വ്യവസ്ഥകളോടെയാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പകര്‍പ്പവകാശ ലംഘന കേസില്‍ ജാമ്യം അനുവദിക്കുമ്പോള്‍ ഇത്തരം നിര്‍ദേശങ്ങള്‍ ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നടപടി.
വരാഹരൂപം എന്ന പാട്ട് ഉള്‍പ്പെട്ട കാന്താര സിനിമയ്ക്കു വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധി സുപ്രീംകോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. പലവട്ടം ഇവരെ ചോദ്യംചെയ്യലിനു വിളിപ്പിച്ചിരുന്നു. ഇതു ചോദ്യംചെയ്താണു ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്. ചോദ്യംചെയ്യലിന്റെ പേരില്‍ പോലീസ് അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. തൈക്കുടം ബ്രിഡ്ജ് നല്‍കിയ പരാതിയിലായിരുന്നു ഇവരെ ചോദ്യം ചെയ്തത്.
കെ.ജി.എഫ്. നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 നു റിലീസ് ചെയ്ത ചിത്രം വലിയ സ്വീകാര്യത നേടിയതിനെ തുടര്‍ന്നു മറ്റു ഭാഷകളിലേക്കും എത്തിയിരുന്നു. സംവിധായകനായ ഋഷഭ് ഷെട്ടി തന്നെയാണു ചിത്രത്തിലെ നായകനും.