ബംഗളൂരു: കര്‍ണാടകത്തിലെ വനിതാ ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥമാരുടെ സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ചെളിവാരിയേറ് തുടരുന്നു. രണ്ടുദിവസത്തെ ആരോപണങ്ങള്‍ക്ക് പിന്നാലെ മൂന്നാംദിവസവും ഡി.രൂപ മൊദുഗില്‍ ഐ.പി.എസ് ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. ഐ.എ.എസ്. ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരി നഗ്‌നചിത്രങ്ങള്‍ അയച്ചുനല്‍കിയെന്ന് ആരോപിച്ചാണ് രൂപ തിങ്കളാഴ്ച ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.
അയച്ചുനല്‍കിയ നഗ്‌നചിത്രങ്ങള്‍ പിന്നീട് ഡിലീറ്റ് ചെയ്തതാണെന്ന് അവകാശപ്പെട്ട് ഒരു സ്‌ക്രീന്‍ഷോട്ടും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. ചില സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തും ‘അതിമനോഹര’മാണെന്നുള്ള ഒരുമറുപടിയുമാണ് സ്‌ക്രീന്‍ഷോട്ടിലുള്ളത്. അതേസമയം, ആര്‍ക്കാണ് ഈ സന്ദേശം അയച്ചതെന്ന് രൂപ വ്യക്തമാക്കിയിട്ടില്ല.
അതിനിടെ, വനിതാ ഉദ്യോഗസ്ഥരുടെ പോര് വന്‍വിവാദമായതോടെ സംഭവത്തില്‍ ഇടപെടുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരേയും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ പ്രതികരണം. എന്നാല്‍, ആഭ്യന്തരമന്ത്രി നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് രൂപ പുതിയ ആരോപണവുമായി ഫെയ്സ്ബുക്കില്‍ രംഗത്തെത്തിയത്.
കഴിഞ്ഞദിവസം രോഹിണിയുടെ ചില സ്വകാര്യചിത്രങ്ങള്‍ രൂപ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. മൂന്ന് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് രോഹിണി സിന്ദൂരി അയച്ചുനല്‍കിയ ചിത്രങ്ങളാണിതെന്ന് അവകാശപ്പെട്ടാണ് ചിത്രങ്ങള്‍ രൂപ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. സര്‍വീസ് ചട്ടപ്രകാരം ഐ.എ.എസ്. ഉദ്യോഗസ്ഥ ഇത്തരം ചിത്രങ്ങള്‍ അയച്ചുനല്‍കുന്നത് കുറ്റകരമാണെന്നും ഇതൊരു വ്യക്തിപരമായ കാര്യമല്ലെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, രൂപയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും മാനസികനില തെറ്റിയപോലെയാണ് അവര്‍ പെരുമാറുന്നതെന്നും രോഹിണി സിന്ദൂരി പ്രതികരിച്ചു. തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍നിന്നും വാട്‌സാപ്പ് സ്റ്റാറ്റസുകളില്‍നിന്നും സ്‌ക്രീന്‍ഷോട്ടെടുത്ത ചിത്രങ്ങളാണ് രൂപ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം ചില ഉദ്യോഗസ്ഥര്‍ക്ക് അയച്ചുനല്‍കിയതാണെന്നാണ് അവരുടെ അവകാശവാദം. അങ്ങനെയാണെങ്കില്‍ ആ ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്താന്‍ ആവശ്യപ്പെടുകയാണെന്നും രൂപയ്‌ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും രോഹിണി സിന്ദൂരി പറഞ്ഞു.
രോഹിണി സിന്ദൂരി നിലവില്‍ ദേവസ്വം കമ്മിഷണറും ഡി. രൂപ കര്‍ണാടക കരകൗശല വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറുമാണ്. ശനിയാഴ്ച രോഹിണി സിന്ദൂരിക്കെതിരേ അഴിമതി ഉള്‍പ്പെടെയുള്ള ഇരുപതോളം ആരോപണങ്ങളാണ് രൂപ സാമൂഹികമാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നത്. ഇതിനുപിന്നാലെയാണ് രോഹിണിയുടെ ചില സ്വകാര്യ ചിത്രങ്ങളും അവര്‍ പങ്കുവെച്ചത്. രോഹിണി സിന്ദൂരി ജെ.ഡി.എസ്. എം.എല്‍.എ. സാരാ മഹേഷുമൊന്നിച്ച് റെസ്റ്റോറന്റിലിരിക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് രൂപ ആരോപണങ്ങളുന്നയിച്ചു തുടങ്ങിയത്.
2021-ല്‍ രോഹിണി മൈസൂരു ഡെപ്യൂട്ടി കമ്മിഷണറായിരുന്ന സമയത്ത് അഴിമതിയെ ചൊല്ലി എം.എല്‍.എയുമായി പലതവണ വാക്കേറ്റമുണ്ടായിരുന്നു. കനാല്‍ കയ്യേറി എം.എല്‍.എ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചെന്ന് കാണിച്ച് രോഹിണി എം.എല്‍.എക്കെതിരേ റിപ്പോര്‍ട്ടും നല്‍കി. ഇതിനെതിരേ എം.എല്‍.എ. രോഹിണിക്കെതിരേ അപകീര്‍ത്തി കേസും ഫയല്‍ചെയ്തിരുന്നു. ചിത്രം വന്നതോടെ രോഹിണിയും എം.എല്‍.എയും തമ്മില്‍ അനുരഞ്ജനത്തിലെത്തിയോയെന്നും രാഷ്ട്രീയക്കാരനുമായി ഉദ്യോഗസ്ഥ കൂടിക്കാഴ്ച നടത്തുന്നതിലെ അനൗചിത്യവുമാണ് രൂപ ചൂണ്ടിക്കാട്ടിയത്.