IndiaNEWS

മധ്യപ്രദേശിൽ ശിവരാത്രിദിനത്തിൽ ​​ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽനിന്നു ദളിതരെ തടഞ്ഞു; സംഘർഷത്തിൽ 14 പേർക്കു പരുക്ക്

ഭോപ്പാൽ: മധ്യപ്രദേശിൽ ശിവരാത്രിദിനത്തിൽ പ്രാർഥന നടത്തുന്നതിനെച്ചൊല്ലി രണ്ടു സമുദായങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 14 പേർക്ക്‌ പരുക്ക്‌. ഖാർഗോൺ ജില്ലയിലെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ്‌ സംഘർഷത്തിൽ കലാശിച്ചത്‌.
ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽനിന്ന്‌ ഉന്നത ജാതിക്കാർ തങ്ങളെ തടഞ്ഞതായി ദളിതർ ആരോപിച്ചു. സനാവാദ്‌ മേഖലയിലെ ഛപ്ര ഗ്രാമത്തിൽ മൂന്നു ജാതി വിഭാഗങ്ങൾ ചേർന്നു നിർമിച്ച ശിവക്ഷേത്ത്രിൽ ദളിതർ പ്രവേശിച്ച്‌ പ്രാർഥന നടത്തുന്നതിച്ചൊല്ലിയാണു തർക്കമുണ്ടായതെന്നു പോലീസ്‌ പറഞ്ഞു.
തുടർന്ന്‌ ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായി കല്ലേറുണ്ടായി. ഇരുവിഭാഗങ്ങളിൽനിന്നും പരാതികൾ സ്വീകരിച്ചിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും മുതിർന്ന പോലീസ്‌ ഓഫീസർ വിനോദ്‌ ദീക്ഷിത്‌ പറഞ്ഞു.
ഗുർജാർ സമുദായത്തിൽപ്പെട്ട ഭയ്യാ ലാൽ പട്ടേൽ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘം ദളിത്‌ പെൺകുട്ടികളെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽനിന്ന്‌ തടഞ്ഞതായി ദളിത്‌ വിഭാഗത്തിൽപ്പെട്ട പ്രേംലാൽ നൽകിയ പരാതിയിൽ പറയുന്നു. ഈ പരാതിയിൽ പട്ടികജാതി/വർഗ സംരക്ഷണ നിയമപ്രകാരവും കലാപശ്രമം ഉൾപ്പെടെയുള്ള മറ്റു വകുപ്പുകളും ചേർത്ത്‌ അജ്‌ഞാതരായ 25 പേർ ഉൾപ്പെടെ 37 പേർക്കെതിരേ പോലീസ്‌ കേസെടുത്തു. രവീന്ദ്ര റാവു മറാത്തയുടെ പരാതിയിൽ പ്രേംലാലിനും മറ്റ്‌ 33 പേർക്കുമെതിരേ, ആയുധങ്ങൾ ഉപയോഗിച്ച്‌ ആക്രമിച്ചതിന്‌ മറ്റൊരു കേസും പോലീസ്‌ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. പോലീസിന്റെയും റവന്യൂ ഉദ്യോഗസ്‌ഥരുടെയും സംഘം സംഭവസ്‌ഥലം സന്ദർശിച്ചതായും ജാതി വിവേചനം അനുവദിക്കില്ലെന്നു വ്യക്‌തമാക്കിയതായും ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽനിന്ന്‌ ജാതിയുടെ പേരിൽ ആരെയും തടയാൻ കഴിയില്ലെന്നും പോലീസ്‌ വ്യക്‌തമാക്കി.
അതേസമയം, ഗ്രാമത്തിൽ ബി.ആർ. അംബേദ്‌കറുടെ പ്രതിമ സ്‌ഥാപിക്കുന്നതിനെച്ചൊല്ലി ദളിത്‌-ഗുർജർ വിഭാഗങ്ങൾ തമ്മിൽ കഴിഞ്ഞ ദിവസം ഗ്രാമത്തിൽ സംഘർഷമുണ്ടായിരുന്നു. പ്രതിമ സ്‌ഥാപിക്കാൻ മരം മുറിച്ച ദളിത്‌ വിഭാഗക്കാർക്കെതിരേ ഗുർജറുകൾ പരാതി നൽകുകയും ചെയ്‌തിരുന്നു.
അതേസമയം, ശിവരാത്രി ദിനത്തിൽത്തന്നെ ഛപ്രയ്‌ക്കു സമീപമുള്ള കസ്രവാഡിലും ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽനിന്ന്‌ ദളിതരെ തടഞ്ഞതായി പരാതിയുണ്ട്‌.
ഛോട്ടി കസ്രവാഡ്‌ ഗ്രാമത്തിലെ ശിവക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നതിൽ നിന്ന്‌ തങ്ങളെ തടഞ്ഞതായി ദളിതർ ആരോപിച്ചു. പൂജ നടത്താൻ ശ്രമിച്ച സ്‌ത്രീയെ തള്ളിയിട്ടതായും ആരോപണമുണ്ട്‌. സംഭവത്തിൽ ജാതി വിവേചന നിയമപ്രകാരമുള്ള കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തി പോലീസ്‌ അഞ്ചുപേർക്കെതിരേ കേസെടുത്തിട്ടുണ്ട്‌.

Back to top button
error: