KeralaNEWS

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ പൂജാ സാധനങ്ങൾക്ക് ഗുണനിലവാരമില്ലെന്ന്, നടപടി വേണമെന്നും ശങ്കരൻ കമ്മീഷൻ ശിപാർശ

ന്യൂഡല്‍ഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ പല ക്ഷേത്രങ്ങളിലും പൂജയ്ക്ക് ഉപയോഗിക്കുന്ന ചന്ദനവും, ഭസ്മവും ഉള്‍പ്പെടെയുള്ള പൂജ സാധനങ്ങള്‍ ഗുണനിലവാരം ഇല്ലാത്തതാണെന്ന് ജസ്റ്റിസ് കെ ടി. ശങ്കരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് റിപ്പോര്‍ട്ട് ഇന്നു പരിഗണിക്കും.

കൃത്രിമ ചന്ദനവും രാസവസ്തുക്കള്‍കൊണ്ട് നിര്‍മ്മിക്കുന്ന ഭസ്മവും വിഗ്രഹങ്ങള്‍ കേടാക്കുന്നുവെന്നാണ് ഭക്തരുടെ വിശ്വാസം. മഞ്ഞളും, രാമച്ചവും, ചന്ദനവും പൊടിച്ച് പ്രസാദമായി നല്‍കുന്ന കാര്യം ദേവസ്വം ബോര്‍ഡ് ആലോചിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മിക്ക ക്ഷേത്രങ്ങളിലും മുഴുക്കാപ്പ്, കളഭ ചാര്‍ത്ത് എന്നിവയ്ക്ക് ഉപയോഗിക്കുന്ന ചന്ദനം യഥാര്‍ഥ ചന്ദനമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുണനിലവാരം കുറഞ്ഞ കൃത്രിമ ചന്ദനം നിര്‍മിക്കുന്നത് തമിഴ്‌നാട്ടിലാണ്. ചില ക്ഷേത്രങ്ങളില്‍ മാത്രമാണ് ചാണകത്തില്‍ നിന്ന് ഉണ്ടാക്കിയ ഭസ്മം ഉപയോഗിക്കുന്നത്. രാസവസ്തുക്കള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഭസ്മം ഉപയോഗിച്ചുള്ള ഭസ്മാഭിഷേകം, കൃത്രിമ ചന്ദനം കൊണ്ടുള്ള പൂജകളും വിഗ്രഹങ്ങള്‍ക്ക് കേട് ഉണ്ടാക്കുന്നു. പ്രസാദമായി ലഭിക്കുന്ന ചന്ദനം, ഭസ്മം എന്നിവ നെറ്റിയില്‍ ഇടുന്നവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Signature-ad

ഭക്തര്‍ക്ക് നെറ്റിയിലിടുന്നതിന് മഞ്ഞളും, രാമച്ചവും, ചന്ദനവും പൊടിച്ച് പ്രസാദമായി നല്‍കുന്ന കാര്യം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്ത്രിയും, മത പണ്ഡിതന്മാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ പൂജാസാധനങ്ങള്‍ വാങ്ങുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കാനാണ് ജസ്റ്റിസ് കെ ടി ശങ്കരനെ സുപ്രീം കോടതി ചുമതലപ്പെടുത്തിയത്.

Back to top button
error: